/sathyam/media/media_files/XPlV7uBWsnKojNirKYwo.jpg)
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാകും ഇത്തവണത്തേത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തോറ്റ് അവസാന സ്ഥാനക്കാരായാണ് മുംബൈയുടെ മടക്കം. 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് മുംബൈ ജയിച്ചത്. അവസാന മത്സരത്തില്‍ ലഖ്‌നൗവിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്.
215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 196 റണ്‍സില്‍ അവസാനിച്ചു. 38 പന്തില്‍ 68 റണ്‍സെടുത്ത രോഹിത് ശര്‍മ, പുറത്താകാതെ 28 പന്തില്‍ 62 റണ്‍സെടുത്ത നമന്‍ ധിര്‍ എന്നിവര്‍ മാത്രം തിളങ്ങി. മറ്റ് ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ട് വിക്കറ്റുകള്‍ വീതം പിഴുതു.
29 പന്തില്‍ 75 റണ്‍സെടുത്ത നിക്കോളാസ് പുരന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 41 പന്തില്‍ 55 റണ്‍സെടുത്തു. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗളയും, നുവാന്‍ തുഷാരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ മത്സരം വിജയിച്ചെങ്കിലും ലഖ്‌നൗവും പ്ലേ ഓഫില്‍ പ്രവേശിക്കില്ല. നിലവില്‍ ഔദ്യോഗികമായി ലഖ്‌നൗ പുറത്തായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കൊപ്പം ലഖ്‌നൗവിനും 14 പോയിന്റുണ്ട്.
എന്നാല്‍ റണ്‍റേറ്റ് തീര്‍ത്തും കുറവായത് ലഖ്‌നൗവിന്റെയും ഡല്‍ഹിയുടെയും സാധ്യതകള്‍ ഇല്ലാതാക്കി. മാത്രമല്ല ആര്‍സിബി, ചെന്നൈ ടീമുകള്‍ക്ക് ഇനിയും ഓരോ മത്സരം വീതം അവശേഷിക്കുന്നുമുണ്ട്. ഇതില്‍ ഒരു ടീമാകും പ്ലേ ഓഫില്‍ പ്രവേശിക്കുന്ന നാലാം ടീം. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു.