മൊഹാലി: ഒമ്പതാമത്തെ ഓവറിലെ രണ്ടാമത്തെ പന്ത്. പഞ്ചാബ് കിംഗ്‌സ് ബാറ്റു ചെയ്യുന്നു. സ്‌കോര്‍ബോര്‍ഡിലെ സമ്പാദ്യം 77 റണ്‍സ് മാത്രം. നഷ്ടമായത് ആറു വിക്കറ്റുകളും. ജയിക്കാന്‍ ഇനി വേണ്ടത് 116 റണ്‍സ്. അവശേഷിക്കുന്നത് പത്തോവറുകളും, ഏതാനും വിക്കറ്റുകളും മാത്രം. വിജയപ്രതീക്ഷ അവസാനിച്ച ഭാവത്തില്‍ പഞ്ചാബ് ആരാധകര്‍. വിജയം ഉറപ്പിച്ച് മുംബൈ ഇന്ത്യന്‍സും. 'സംഘര്‍ഷഭരിത'മായ ആ നിമിഷങ്ങള്‍ തുടങ്ങിയത് ഇവിടെ നിന്നാണ്.
പഞ്ചാബ് കിംഗ്‌സിന്റെ ഈ സീസണിലെ കണ്ടെത്തലായ അശുതോഷ് ശര്‍മ ബാറ്റിംഗിന് എത്തിയത് ഈ സമയത്താണ്. ഈ സീസണില്‍ പല തവണ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്ത ഈ 25കാരന്‍ ഒരിക്കല്‍ കൂടി ആ പ്രകടനം ആവര്‍ത്തിച്ചു. സ്റ്റേഡിയത്തിന്റെ പല ദിശകളിലേക്ക് തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ചു. മുംബൈ ബൗളര്‍മാര്‍ വിയര്‍ത്തു. പുറത്താകുമ്പോള്‍ അശുതോഷ് സ്വന്തമാക്കിയത് 28 പന്തില്‍ 61 റണ്‍സ്. ഏഴ് സിക്‌സിന്റെയും, രണ്ട് ഫോറിന്റെയും അകമ്പടിയോടെ.
17-ാമത്തെ ഓവറില്‍ ജെറാള്‍ഡ് കോറ്റ്‌സി എറിഞ്ഞ ആദ്യ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് സമ്മാനിച്ചാണ് അശുതോഷ് പുറത്തായത്. വിജയപ്രതീക്ഷയിലായിരുന്ന പഞ്ചാബ് ആരാധകരുടെ മുഖം മങ്ങി. ആശ്വാസഭാവത്തില്‍ മുംബൈ ഇന്ത്യന്‍സും.
അശുതോഷിന് പുറമെ 25 പന്തില്‍ 41 റണ്‍സെടുത്ത ശശാങ്ക് സിംഗ് മാത്രമാണ് പഞ്ചാബ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. മറ്റ് ബാറ്റര്‍മാര്‍ പതിവുപോലെ പരാജയമായി. ഒടുവില്‍ 19.1 ഓവറില്‍ 183 റണ്‍സിന് പഞ്ചാബ് പുറത്ത്. മുംബൈക്ക് ഒമ്പത് റണ്‍സ് ജയം. മുംബൈയ്ക്കു വേണ്ടി കോറ്റ്‌സിയും, ബുംറെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, പുറത്താകാതെ 18 പന്തില്‍ 34 റണ്‍സ് നേടിയ തിലക് വര്‍മ, 25 പന്തില്‍ 36 റണ്‍സ് നേടിയ രോഹിത് ശര്‍മ എന്നിവരുടെ മികവില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. പഞ്ചാബിനു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.