Advertisment

പഞ്ചാബിനെ പഞ്ചറാക്കി; രണ്ടാം സ്ഥാനം അനായാസം തൂക്കി സണ്‍റൈസേഴ്‌സ്; സഞ്ജുവിനും സംഘത്തിനും കൊല്‍ക്കത്തയ്ക്ക് എതിരെ ജയിച്ചേ തീരൂ !

sanju samson : പഞ്ചാബിനെതിരായ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം സ്ഥാനത്ത് തിരികെയെത്താം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl srh vs pbks

ഹൈദരാബാദ്: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ അനായാസം മലര്‍ത്തിയടിച്ച് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്. അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ 215 റണ്‍സ് എന്ന വിജയലക്ഷ്യം ഹൈദരാബാദ് നേടി. സീസണില്‍ ഉഗ്രഫോം തുടരുന്ന അഭിഷേക് ശര്‍മയുടെയും (28 പന്തില്‍ 66), ഹെയിന്റിച്ച് ക്ലാസണ്‍റെയും (26 പന്തില്‍ 42) വെടിക്കെട്ട് ബാറ്റിംഗ് ഹൈദരാബാദിന്റെ ജയം അനായാസമാക്കി. 

Advertisment

രാഹുല്‍ ത്രിപാഠി (18 പന്തില്‍ 33), നിതീഷ് കുമാര്‍ റെഡ്ഢി (25 പന്തില്‍ 37) എന്നിവരും മോശമാക്കിയില്ല. അപകടകാരിയായ ട്രാവിസ് ഹെഡിനെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയത് മാത്രമാണ് പഞ്ചാബ് ബൗളര്‍മാര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. അര്‍ഷ്ദീപ് സിംഗും, ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗിന് അനുകൂലമായ ഹൈദരാബാദിലെ പിച്ചില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നേടിയത്. 45 പന്തില്‍ 71 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗ്, 24 പന്തില്‍ 49 റണ്‍സ് നേടിയ റിലീ റൂസോവ്, 27 പന്തില്‍ 46 റണ്‍സെടുത്ത അഥര്‍വ ടെയ്ഡ്, പുറത്താകാതെ 15 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിനു വേണ്ടി ടി നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിനെതിരായ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം സ്ഥാനത്ത് തിരികെയെത്താം. മത്സരം മഴ മൂലം  ഉപേക്ഷിച്ചാല്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരും. മികച്ച റണ്‍റൈറ്റാണ് ഹൈദരാബാദിന്റെ അനുകൂല ഘടകം.

Advertisment