Advertisment

നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ സഞ്ജു ഔട്ട്; രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ച് മൂന്നാം അമ്പയറുടെ തീരുമാനം; ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം

46 പന്തില്‍ 86 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. എട്ട് ഫോറുകളുടെയും, ആറു സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson2

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

നായകന്‍ സഞ്ജു സാംസണ്‍ പുറത്താകുന്നതുവരെ വിജയപ്രതീക്ഷയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. പതിനഞ്ചാം ഓവറിലെ നാലാം പന്തില്‍ താരം പുറത്തായതോടെ ആ പ്രതീക്ഷ അസ്തമിച്ചു. 46 പന്തില്‍ 86 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. എട്ട് ഫോറുകളുടെയും, ആറു സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം.

മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. എന്നാല്‍ ഹോപ് ബൗണ്ടറി ലൈനില്‍ തൊട്ടോയെന്ന സംശയത്തില്‍ മൂന്നാം അമ്പയര്‍ പരിശോധിച്ചെങ്കിലും ഒടുവില്‍ ഔട്ട് വിധിച്ചു. എന്നാല്‍ ടെലിവിഷന്‍ റിപ്ലേകളില്‍ ഹോപ് ബൗണ്ടറി ലൈനില്‍ തട്ടിയതായി തോന്നുമായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ രാജസ്ഥാന്‍ ക്യാമ്പും ഞെട്ടി.

പരിശീലകന്‍ കുമാര്‍ സംഗക്കാര ഉള്‍പ്പെടെ തീരുമാനത്തില്‍ അതൃപ്തരാണെന്ന് മുഖഭാവത്തില്‍ വ്യക്തമായിരുന്നു. സഞ്ജുവും അമ്പയറോട് തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മടങ്ങിയത്. സഞ്ജുവൊഴികെയുള്ള മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കു വേണ്ടി ഖലീല്‍ അഹമ്മദും, മുകേഷ് കുമാറും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

36 പന്തില്‍ 65 റണ്‍സെടുത്ത അഭിഷേക് പോറല്‍, 20 പന്തില്‍ 50 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, 20 പന്തില്‍ 41 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രാജസ്ഥാനു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisment