Advertisment

കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ല; സണ്‍റൈസേഴ്‌സിനെതിരെ 67 റണ്‍സിന് തോറ്റ് ഡല്‍ഹി ക്യാപിറ്റല്‍സ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ 266 റണ്‍സ് മറികടക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചില്ല. ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കും, അഭിഷേക് പോറലും മാത്രം ഡല്‍ഹി ബാറ്റിംഗ് നിരയില്‍ തിളങ്ങി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl srh vs dc

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ 266 റണ്‍സ് മറികടക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചില്ല. ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കും, അഭിഷേക് പോറലും മാത്രം ഡല്‍ഹി ബാറ്റിംഗ് നിരയില്‍ തിളങ്ങിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ ജയം 67 റണ്‍സിന്. സ്‌കോര്‍: സണ്‍റൈസേഴ്‌സ്-20 ഓവറില്‍ ഏഴു വിക്കറ്റിന് 266. ഡല്‍ഹി-19.1 ഓവറില്‍ 199ന് പുറത്ത്.

Advertisment

വമ്പനടികളുമായി കളം നിറഞ്ഞ മക്ഗര്‍ക്ക് 18 പന്തില്‍ 65 റണ്‍സാണെടുത്തത്. പോറല്‍ 22 പന്തില്‍ 42 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 35 പന്തില്‍ 44 റണ്‍സെടുത്തെങ്കിലും, ബാറ്റിംഗിലെ മെല്ലെപ്പോക്ക് തിരിച്ചടിയായി. ഓപ്പണര്‍ പൃഥി ഷാ അഞ്ച് പന്തില്‍ 16 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സിന് വേണ്ടി ടി. നടരാജന്‍ നാലു വിക്കറ്റ് വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഢിയും, മയങ്ക് മാര്‍ഖണ്ഡെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മയും ഒരിക്കല്‍ കൂടി നിറഞ്ഞാടിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത് 266  റണ്‍സ്. ഓപ്പണിംഗ് വിക്കറ്റില്‍ 6.2 ഓവറില്‍ 131 റണ്‍സാണ് ഈ കൂട്ടുക്കെട്ടില്‍ പിറന്നത്. 

12 പന്തില്‍ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ എയ്ഡന്‍ മര്‍ക്രമിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. 32 പന്തില്‍ 89 റണ്‍സെടുതത് ട്രാവിസ് ഹെഡ് തുടര്‍ന്ന് പുറത്തായി. മൂന്നു പേരെയും പുറത്താക്കി ഡല്‍ഹിക്ക് അല്‍പം ആശ്വാസം പകര്‍ന്നത് കുല്‍ദീപ് യാദവാണ്. ഇതടക്കം നാലു വിക്കറ്റാണ് താരം പിഴുതത്.

പുറത്താകാതെ 29 പന്തില്‍ 59 റണ്‍സ് നേടിയ ഷഹ്ബാസ് അഹമ്മദ്, 8 പന്തില്‍ 15 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസണ്‍, 27 പന്തില്‍ 37 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഢി എന്നിവരും തിളങ്ങി. 

Advertisment