ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തോല്‍വികളെ പലപ്പോഴും ആഘോഷമാക്കുന്നവരാണ് ചില പാകിസ്ഥാന്‍, ബംഗ്ലാദേശ് ആരാധകര്‍. തങ്ങളുടെ ടീം ദയനീയ പ്രകടനം കാഴ്ചവെച്ചാലും അതൊന്നും കാര്യമാക്കാതെ ഇന്ത്യന്‍ ടീമിന്റെ പരാജയത്തില്‍ സന്തോഷിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇത്തരത്തില്‍ നിരവധി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പതിവുകാഴ്ചയാണ്.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഇത്തരം ട്രോളുകള്‍ക്ക് കലക്കന്‍ മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി.
''അവരുടെ U19 ടീം ഫൈനലിൽ എത്തിയില്ലെങ്കിലും, അതിർത്തിക്കപ്പുറത്തുള്ള കീബോർഡ് യോദ്ധാക്കൾ നമ്മുടെ യുവാക്കളുടെ തോൽവിയിൽ ആനന്ദം കണ്ടെത്തുന്നു. ഈ നിഷേധാത്മക മനോഭാവം അവരുടെ രാജ്യത്തിൻ്റെ മാനസികാവസ്ഥയാണ് കാണിക്കുന്നത്''-പത്താന്‍ പ്രതികരിച്ചു.