'ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി ശങ്കർ

മത്സരശേഷം തനിക്ക് ശക്തി നൽകിയത് യേശുവാണെന്ന് പറഞ്ഞ ജമീമയുടെ പ്രതികരണമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്

New Update
j1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം ദൈവത്തിന് നന്ദി പറഞ്ഞ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗ്‌സിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കസ്തൂരി ശങ്കർ രംഗത്ത്. 

Advertisment

മത്സരശേഷം തനിക്ക് ശക്തി നൽകിയത് യേശുവാണെന്ന് പറഞ്ഞ ജമീമയുടെ പ്രതികരണമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച റെക്കോർഡ് ചേസിംഗിന് ശേഷം 'മാൻ ഓഫ് ദി മാച്ച്' പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് ജമീമ വികാരാധീനയായി തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചത്.

"ആദ്യം തന്നെ ഞാൻ യേശുവിന് നന്ദി പറയുന്നു, കാരണം എനിക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാൻ കഴിയില്ലായിരുന്നു. എന്നെ ഇന്ന് യേശു താങ്ങിനിർത്തി എന്ന് എനിക്കറിയാം. എന്റെ അമ്മ, അച്ഛൻ, പരിശീലകൻ, എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു," ജമീമ പറഞ്ഞു.

jamiah

ഇതിനുപിന്നാലെയാണ് ബിജെപി നേതാവ് കസ്തൂരി ശങ്കർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ  വിമർശനം ഉന്നയിച്ചത്.

 "ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഇത്രയും പുകിലുണ്ടാകുമോ? അത് കപട മതേതരവാദമാവില്ലേ?" - കസ്തൂരി ശങ്കർ ചോദിച്ചു. താൻ കപട മതേതരവാദിയല്ല എന്നും കസ്തൂരി ശങ്കർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയക്കെതിരെ 127 റൺസെടുത്ത് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജമീമയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മത്സരശേഷം താൻ ബൈബിളിലെ വചനം ഉദ്ധരിച്ചുകൊണ്ടാണ് കളിച്ചതെന്നും, 'നിൽക്കുക, ദൈവം നിങ്ങൾക്കുവേണ്ടി പോരാടും' എന്ന വചനമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും ജമീമ വെളിപ്പെടുത്തിയിരുന്നു.

Advertisment