കറാച്ചി: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലാൻഡിന് വിജയം. കലാശപ്പോരിൽ ആതിഥേയരായ പാകിസ്താനെ തോൽപ്പിച്ചാണ് കിവികൾ ചാമ്പ്യൻസ് ട്രോഫിക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.3 ഓവറിൽ 242 റൺസാണ് കുറിച്ചത്. 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനാണ് ടോപ്പ് സ്കോറർ. സൽമാൻ ആഗ 45ഉം ബാബർ അസം 29ഉം റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറോർക്കാണ് പാകിസ്താനെ ചുരുട്ടിക്കെട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് ഓപ്പണർ വിൽ യങ്ങിനെ അതിവേഗം നഷ്ടമായി. എന്നാൽ ഡെവൻ കോൺവേ (48), കെയ്ൻ വില്യംസൺ (34), ഡാരി മിച്ചൽ (57), ടോം ലാതം (56) എന്നിവർ ക്രീസിലുറച്ചതോടെ കിവികൾക്ക് വിജയം അനായാസമായി.
നേരത്തേ ഗ്രൂപ്പ് ഘട്ടത്തിലും ന്യൂസിലാൻഡ് പാകിസ്താനെ തോൽപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയായിരുന്നു ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുത്ത മറ്റൊരു ടീം.