കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്: ലീഡ് സ്വന്തമാക്കി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബുംആർ എസ് സി എസ് ജി ക്രിക്കറ്റ് സ്കൂളും ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും

New Update
kca
കെസിഎജൂനിയർ  ക്ലബ് ചാമ്പ്യൻഷിപ്പിൽ ലീഡിൻ്റെ മുൻതൂക്കവുമായി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും RSC SG ക്രിക്കറ്റ് സ്കൂളും ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും. സസെക്സിനെതിരെ തൃപ്പൂണിത്തുറ 41 റൺസിൻ്റെ ലീഡാണ് നേടിയത്. ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ 35 റൺസിൻ്റെയും വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് 54 റൺസിൻ്റെയും ലീഡ് സ്വന്തമാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ  എസ് ആര്യൻ്റെ ബൌളിങ് മികവാണ് സസെക്സിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് 41 റൺസിൻ്റെ ലീഡ് നേടിക്കൊടുത്തത്. തൃപ്പൂണിത്തുറയുടെ സ്കോറായ 237 റൺസിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ സസെക്സ് 196 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
Advertisment
41 റൺസെടുത്ത പീർ അഫ്താബാണ് സസെക്സിൻ്റെ ടോപ് സ്കോറർ. കാർത്തിക് പ്രസാദ് 34 റൺസെടുത്തു. ആര്യന് പുറമെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് അഭിയും തൃപ്പൂണിത്തുറയ്ക്കായി തിളങ്ങി.രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ തൃപ്പൂണിത്തുറ വിക്കറ്റ് പോകാതെ 46 റൺസെടുത്തിട്ടുണ്ട്.തൊടുപുഴ കെസിഎ ക്രിക്കറ്റ് ഗ്രൌണ്ട് രണ്ടിലാണ് മല്സരം നടക്കുന്നത്.
 
തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിൽ നടക്കുന്ന മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇതോടെ RSC SG ക്രിക്കറ്റ് സ്കൂൾ 35 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. 40 റൺസെടുത്ത ബെൻവിനും 35 റൺസെടുത്ത ശ്രീഹരി പ്രസാദും മാത്രമാണ് ആത്രേയയ്ക്ക് വേണ്ടി പിടിച്ചു നിന്നത്. RSC SG ക്രിക്കറ്റ് സ്കൂളിന് വേണ്ടി ശിവദത്ത് സുധീഷ് , യദു കൃഷ്ണ, ആർ അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 101 റൺസെന്ന നിലയിലാണ് RSC SG ക്രിക്കറ്റ് സ്കൂൾ. കെ എസ് നവനീതാണ് മൂന്ന് വിക്കറ്റുകളും നേടിയത്

ആദ്യ ഇന്നിങ്സിൽ 283 റൺസ് നേടിയ ലിറ്റിൽ മാസ്റ്റേഴ്സിനെതിരെ ബാറ്റിങ് തുടർന്ന വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ ലിറ്റിൽ മാസ്റ്റേഴ്സ് 54 റൺസിൻ്റെ ലീഡ് സ്വന്തമാക്കി.
70 റൺസെടുത്ത ഹൃതിക് രാജേഷും 74 റൺസെടുത്ത ദേവാശിഷ് രാജുമാണ് വിൻ്റേജിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്. ഇരുവരും ചേർന്ന കൂട്ടുകെട്ടിൽ 107 റൺസ് പിറന്നെങ്കിലും തുടർന്നെത്തിയവർ നിരാശപ്പെടുത്തുകയായിരുന്നു. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അഭിനവ് ചന്ദ്രൻ മൂന്നും അഭിനവ് ആർ നായർ, ശ്രാവൺ സുരേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ്. തൊടുപുഴയിലെ കെസിഎ ഗ്രൌണ്ട് ഒന്നിലാണ് മല്സരം നടക്കുന്നത്.
Advertisment