കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബും ആർ എസ് സി എസ് ജി ക്രിക്കറ്റ് സ്കൂളും ശക്തമായ നിലയിൽ

New Update
kca
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ  ക്ലബ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം തുടർന്ന് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്. വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെ 46 റൺസിന് പുറത്താക്കിയ ആത്രേയ ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 213 റൺസെന്ന നിലയിലാണ്. മറ്റ് മല്സരങ്ങളിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് 284ഉം RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ സസെക്സ് ക്രിക്കറ്റ് ക്ലബ്ബ് 156  റൺസും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ RSC SG മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലാണ്.

തൊടുപുഴയിലെ കെസിഎ ക്രിക്കറ്റ് ഗ്രൌണ്ട് ടുവിൽ നടന്ന മല്സരത്തിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് വെറും 46 റൺസിന് തകർന്നടിയുകയായിരുന്നു. വെറും രണ്ട് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 46 റൺസെന്ന നിലയിലായിരുന്നു വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ്. എന്നാൽ തുടർന്നെത്തിയവരെല്ലാം അക്കൌണ്ട് തുറക്കാതെ മടങ്ങിയതോടെ വിൻ്റേജിൻ്റെ ബാറ്റിങ് നിര തകർന്നടിഞ്ഞു. ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി കെ എസ് നവനീത് അഞ്ചും ശ്രീഹരി പ്രസാദ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 213 റൺസെന്ന നിലയിലാണ്. തുടർച്ചയായ രണ്ടാം മല്സരത്തിലും സെഞ്ച്വറി നേടിയ വിശാൽ ജോർജാണ് ആത്രേയ ബാറ്റിങ് നിരയിൽ തിളങ്ങിയത്. വിശാൽ 110 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. ധീരജ് ഗോപിനാഥ് 72 റൺസ് നേടി.

കെസി എ ഗ്രൌണ്ട് ഒന്നിൽ നടക്കുന്ന മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ സസെക്സ് ക്രിക്കറ്റ് ക്ലബ്ബ് 156 റൺസിന് ഓൾ ഔട്ടായി. 52 റൺസെടുന്ന ശ്രീഹരി ശശിയാണ് സസെക്സിൻ്റെ ടോപ് സ്കോറർ. മുഹമ്മദ് റെഹാൻ 25ഉം കെ എ അദ്വൈത് 28ഉം റൺസ് നേടി. മൂന്ന് വിക്കറ്റ് വീതം നേടിയ ശിവദത്ത് സുധീഷും യദു കൃഷ്ണയും രണ്ട് വിക്കറ്റ് നേടിയ ശിവാങ് ജയേഷുമാണ്  RSC SGയുടെ ബൌളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ RSC SG കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 162 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ യദു കൃഷ്ണ 35 റൺസെടുത്തു. അദ്വൈത് വിജയ് 43 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്.

തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് ഗ്രൌണ്ടിൽ നടക്കുന്ന മല്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലിറ്റിൻ മാസ്റ്റേഴ്സ് 284 റൺസിന് ഓൾ ഔട്ടായി. ക്യാപ്റ്റൻ ഇഷാൻ രാജ്, ജൈവിൻ ജാക്സൻ, അഭിനവ് ആർ നായർ എന്നിവരുടെ ഇന്നിങ്സുകളാണ് ലിറ്റിൽ മാസ്റ്റേഴ്സിന് കരുത്ത് പകർന്നത്. ഇഷാൻ 49ഉം ജൈവിൻ 50ഉം അഭിനവ് 53ഉം റൺസ് നേടി.  നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആര്യനും  മൂന്ന് വിക്കറ്റ് നേടിയ അഭിഷേക് അഭിയുമാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ബൌളിങ് നിരയിൽ തിളങ്ങിയത്. മാധവ് വിനോദ് രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഏഴ് റൺസെന്ന നിലയിലാണ്
Advertisment
Advertisment