New Update
/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും ആത്രേയ ക്രിക്കറ്റ് ക്ലബ്ബും ഫൈനലിൽ കടന്നു. അവസാന ലീഗ് റൌണ്ട് മല്സരങ്ങളിൽ വിജയവുമായാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്. സസെക്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒരിന്നിങ്സിനും 45 റൺസിനുമാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് തോല്പിച്ചത്. ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ഏഴ് വിക്കറ്റിന് RSC SG ക്രിക്കറ്റ് സ്കൂളിനെയും തോല്പിച്ചു.
അഞ്ച് മല്സരങ്ങളിൽ നിന്ന് മൂന്ന് വിജയമടക്കം 23 പോയിൻ്റ് നേടിയ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ലാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിയത്. തൊട്ടു പിന്നിൽ 22 പോയിൻ്റുമായി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് രണ്ടാം സ്ഥാനത്തുമെത്തി. ഇതേ തുടർന്നാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്. അവസാന റൌണ്ടിലെ മറ്റൊരു മല്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മല്സരം സമനിലയിൽ പിരിഞ്ഞു.
ആത്രേയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 349 റൺസിനെതിരെ സസെക്സ് 162 റൺസിന് പുറത്തായിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്ത് ബാറ്റിങ് തുടങ്ങിയ സസെക്സിന് രണ്ടാം ഇന്നിങ്സിലുപം പിടിച്ചു നില്ക്കാനായില്ല. അഞ്ച് വിക്കറ്റ് വിക്കറ്റിന് 94 റൺസെന്ന നിലയിലാണ് സസെക്സ് അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അഞ്ച് വിക്കറ്റ് ശേഷിക്കെ 93 റൺസ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ 142 റൺസിന് അവർ ഓൾ ഔട്ടായി. 39 റൺസെടുത്ത ക്യാപ്റ്റൻ കെ പി ഷാരോൺ ആണ് രണ്ടാം ഇന്നിങ്സിൽ സസെക്സിൻ്റെ ടോപ് സ്കോറർ. ആത്രേയയ്ക്ക് വേണ്ടി എസ് എസ് ശ്രീഹരി നാലും കെ എസ് നവനീത്, ബെൻവിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തൊടുപുഴയിലെ കെസിഎ ഗ്രൌണ്ടിലായിരുന്നു മല്സരം നടന്നത്
കെസിഎ മംഗലപുരം സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ രണ്ട് റൺസിൻ്റെ ലീഡ് വഴങ്ങിയ ശേഷമാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ശക്തമായി തിരിച്ചു വന്ന് വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ RSC SG ക്രിക്കറ്റ് സ്കൂൾ 214ഉം ലിറ്റിൽ മാസ്റ്റേഴ്സ് 212ഉം റൺസായിരുന്നു നേടിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ RSC SG ക്രിക്കറ്റ് സ്കൂൾ വെറും 104 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് പ്രശാന്തും നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് റെയ്ഹാനുമാണ് RSC SG ബാറ്റിങ് നിരയെ തകർത്തത്. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അധിതീശ്വർ 52 റൺസുമായി പുറത്താകാതെ നിന്നു.
തൊടുപുഴ കെസിഎ ഗ്രൌണ്ട് രണ്ടിൽ നടന്ന മല്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബും സമനിലയിൽ പിരിഞ്ഞു. ആദ്യ ഇന്നിങ്സിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 291ഉം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് 276ഉം റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടർന്ന തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 132 റൺസിന് ഓൾ ഔട്ടായി. തുടർന്ന് മല്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
33 റൺസ് നേടിയ മാധവ് വനോദാണ് രണ്ടാം ഇന്നിങ്സിൽ തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. വിൻ്റേജിന് വേണ്ടി നൈജിൻ പ്രവിലാലും ആനന്ദ് സായിയും മൂന്ന് വിക്കറ്റ് വീതവും നിജികേത് കൃഷ്ണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Advertisment