/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ നാലാം റൌണ്ട് മല്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ആത്രേയ ക്രിക്കറ്റ് ക്ലബ്ബും RSC SG ക്രിക്കറ്റ് സ്കൂളിനെയും,സസെക്സ് ക്രിക്കറ്റ് ക്ലബ്ബ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെയും, ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെയുമാണ് നാലാം റൌണ്ടിൽ ഏറ്റുമുട്ടിയത്. ഏഴ് വിക്കറ്റ് നേടിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൻ്റെ കെ എസ് നവനീതിൻ്റെ പ്രകടനമാണ് അവസാന ദിവസത്തെ മല്സരങ്ങളിൽ ശ്രദ്ധേയമായത്.
ആത്രേയ ക്രിക്കറ്റ് ക്ലബ്ബും RSC SG ക്രിക്കറ്റ് സ്കൂളും തമ്മിലുള്ള മല്സരം ആവേശ നിമിഷങ്ങൾക്കൊടുവിലാണ് സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ 35 റൺസ് ലീഡ് നേടിയ RSC SG ക്രിക്കറ്റ് സ്കൂൾ രണ്ടാം ഇന്നിങ്സിൽ 175 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് നേടിയ കെ എസ് നവനീതിൻ്റെ പ്രകടനമാണ് RSC SGയുടെ ബാറ്റിങ് നിരയെ തകർത്തത്. 39 റൺസെടുത്ത വേദാന്ത് എസ് നായരാണ് RSC SGയുടെ ടോപ് സ്കോറർ. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് അഞ്ച് വിക്കറ്റിന് 172 റൺസെടുത്ത് നില്ക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.
54 റൺസെടുത്ത ബെൻവിനും 49 റൺസെന്ന ഇഷാൻ സാജുവുമാണ് ആത്രേയ ബാറ്റിങ് നിരയിൽ തിളങ്ങിയത്.RSC SGയ്ക്ക് വേണ്ടി യദു കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി.തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിലായിരുന്നു മല്സരം നടന്നത്. ആദ്യ ഇന്നിങ്സിൽ RSC SG ക്രിക്കറ്റ് സ്കൂൾ 206ഉം ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 171 റൺസുമായിരുന്നു നേടിയത്.
തൊടുപുഴ കെസിഎ ഗ്രൌണ്ട് രണ്ടിൽ നടന്ന മല്സരത്തിൽ സസെക്സിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എട്ട് വിക്കറ്റിന് 234 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 76 റൺസെടുത്ത മാധവ് വിനോദും 74 റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് അഭിയുമാണ് തൃപ്പൂണിത്തുറയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച വച്ചത്. സസെക്സിന് വേണ്ടി കെ പി ഷാരോൺ, നേഥൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
276 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സസെക്സ് വിക്ക് പോകാതെ 25 റൺസെടുത്ത് നില്ക്കെയാണ് കളി സമനിലയിൽ അവസാനിച്ചത്. തൃപ്പൂണിത്തുറ ആദ്യ ഇന്നിങ്സിൽ 237ഉം സസെക്സ് 196ഉം റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്.
തൊടുപുഴയിലെ കെസിഎ ഗ്രൌണ്ട് ഒന്നിൽ നടന്ന മറ്റൊരു മല്സരത്തിൽ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബ് ഏഴ് വിക്കറ്റിന് 208 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 60 പന്തുകളിൽ 68 റൺസെടുത്ത ജൈവിൻ ജാക്സനും 47 പന്തുകളിൽ 54 റൺസെടുത്ത അഭിനവ് ആർ നായരുമാണ് ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്. വിൻ്റേജിന് വേണ്ടി നൈജിൻ കെ പ്രവിലാലും അർമാൻ നെജിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ 54 റൺസിൻ്റെ ലീഡ് വഴങ്ങിയതിനാൽ 263 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻ്റേജ് ഒരു വിക്കറ്റിന് 69 റൺസെടുത്ത് നില്ക്കെ കളി അവസാനിച്ചു.വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി അഷിൻ അജിത് കുമാർ 47 റൺസെടുത്തു. ലിറ്റിൽ മാസ്റ്റേഴ്സ് ആദ്യ ഇന്നിങ്സിൽ 283ഉം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് 229ഉം റൺസായിരുന്നു നേടിയത്.