/sathyam/media/media_files/2025/02/25/DDUONGRCFM7kMHOrNMCe.jpeg)
തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയെ ഏഴ് വിക്കറ്റിന് തോല്പിച്ച് തിരുവനന്തപുരം. മഴ മൂലം അഞ്ച് ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിലായിരുന്നു തിരുവനന്തപുരത്തിൻ്റെ വിജയം. മഴയെ തുടർന്ന് കോഴിക്കോടും കണ്ണൂരും തമ്മിലുള്ള മല്സരം, ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു.
ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തു. 11 പന്തുകളിൽ രണ്ട് ഫോറും നാല് സിക്സും അടക്കം 36 റൺസെടുത്ത ഷൈൻ ജോൺ ജേക്കബിൻ്റെ പ്രകടനമാണ് പത്തനംതിട്ടയെ മികച്ച സ്കോറിൽ എത്തിച്ചത്. ആൽഫി ഫ്രാൻസിസ് ജോൺ 16ഉം സോനു മാത്യു ജേക്കബ്ബ് ഒൻപതും റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരത്തിന് പത്ത് പന്തുകളിൽ അഞ്ച് സിക്സടക്കം 34 റൺസുമായി പുറത്താകാതെ നിന്ന ഷോൺ റോജറിൻ്റെ ഇന്നിങ്സാണ് വിജയം ഒരുക്കിയത്. ഭരത് സൂര്യയും അർജുനും 12 റൺസ് വീതം നേടി. മോനു കൃഷ്ണ പത്തനംതിട്ടയിക്കായി രണ്ട് വിക്കറ്റ് നേടി. അഞ്ച് പന്തുകൾ ബാക്കി നില്ക്കെ തിരുവനന്തപുരം ലക്ഷ്യത്തിലെത്തി. ഷോൺ റോജറാണ് പ്ലെയർ ഓഫ് ദി മാച്ച്.