/sathyam/media/media_files/2025/07/16/kcl-2025-07-16-22-43-39.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നാലെ, കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 'കെ.സി.എ ഏഞ്ചൽസും' 'കെ.സി.എ ക്വീൻസും' ഏറ്റുമുട്ടും. കെ.സി.എ ഏഞ്ചൽസിനെ ഷാനി ടി.യും, കെ.സി.എ ക്വീൻസിനെ സജന എസുമാണ് നയിക്കുക.
“കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നൽകും. അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കെ.സി.എ പ്രതിജ്ഞാബദ്ധമാണ്" - കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
" സംസ്ഥാനത്ത് വനിതകൾക്കായി ശക്തമായ ഒരു ക്രിക്കറ്റ് സാധ്യതകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കെ.സി.എൽ മാതൃകയിൽ, ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു 'പ്ലെയർ ഓക്ഷൻ' നടത്തും. ഇത് ടീമുകളുടെ സന്തുലിതമായ തിരഞ്ഞെടുപ്പും മത്സരവീര്യവും ഉറപ്പാക്കും"- കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.
കെ.സി.എ ഏഞ്ചൽസ്: ഷാനി ടി (ക്യാപ്റ്റൻ), അക്ഷയ എ, അനന്യ കെ പ്രദീപ് (വിക്കറ്റ് കീപ്പർ), വിസ്മയ ഇ ബി (വിക്കറ്റ് കീപ്പർ), ദിവ്യ ഗണേഷ്, സൗരഭ്യ പി, അഖില പി, അശ്വര്യ എ കെ, ദർശന മോഹൻ, ഇഷിത ഷാനി, ശീതൾ വി ജിനിഷ്, സൂര്യ സുകുമാർ, അജന്യ ടി പി, അലീന ഷിബു, ജോഷിത വി ജെ.
കെ.സി.എ ക്വീൻസ്: സജന എസ് (ക്യാപ്റ്റൻ), അൻസു സുനിൽ, വൈഷ്ണ എം പി (വിക്കറ്റ് കീപ്പർ), ജയലക്ഷ്മി ദേവ് എസ് ജെ (വിക്കറ്റ് കീപ്പർ), സായൂജ്യ കെ.എസ്, നജ്ല സി എം സി, അലീന സുരേന്ദ്രൻ, വിനയ സുരേന്ദ്രൻ, കീർത്തി കെ ജെയിംസ്, നിയ നസ്നീൻ കെ, ഇസബെൽ മേരി ജോസഫ്, നിത്യ ലൂർദ്, അനുശ്രീ അനിൽകുമാർ, നിയതി ആർ മഹേഷ്, ആശാ ശോഭന.