തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗി(കെസിഎല്‍)ന് കൊടിയേറി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു.
ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ നേടിയത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ്. 44 പന്തില്‍ 57 റണ്‍സ് നേടിയ അക്ഷയ് മനോഹറിന്റെ പ്രകടനമാണ് അവര്‍ക്ക് തുണയായത്. ആലപ്പിക്ക് വേണ്ടി ആനന്ദ് ജോസഫ് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
47 പന്തില്‍ 92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗ് മികവില്‍ ആലപ്പി അനായാസ വിജയം നേടി. 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആലപ്പി വിജയലക്ഷ്യം മറികടന്നത്.
അസ്ഹറുദ്ദീന്റെയും വിനൂപ് മനോഹരന്റെയും 85 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് നിര്‍ണായകമായി. മൂന്ന് ഫോറും, ഒമ്പത് സിക്‌സറും അഹ്‌സറുദ്ദീന്റെ ബാറ്റില്‍ നിന്ന് ഉദയം കൊണ്ടു. അസ്ഹറുദ്ദീനാണ് കളിയിലെ താരം.