വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും മുംബൈയുമായുള്ള മത്സരം സമനിലയിൽ

New Update
kca hjijhui
കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും മുംബൈയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. കേരളത്തിനെതിരെ 81 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ മുംബൈ നാല് വിക്കറ്റിന് 170 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്തു. തുടർന്ന് വിജയലക്ഷ്യമായ 252 റൺസ് പിന്തുട‍ർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വിക്കറ്റ് പോകാതെ 13 റൺസെടുത്ത് നില്‍ക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. 
Advertisment
വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ മുംബൈയ്ക്ക് എട്ട് റൺസെടുത്ത ഓപ്പണർ ഓം ബാം​ഗറിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. തുട‍ർന്ന് ആയുഷ് ഷിൻഡെയും, ആയുഷ് ഷെട്ടിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി അദ്വൈത് വി നായർ മുംബൈ ബാറ്റിങ് നിരയെ സമ്മ‍ർദ്ദത്തിലാക്കി. ആയുഷ് ഷെട്ടി, ആയുഷ് ഷിൻഡെ, അർജുൻ ​ഗദോയ എന്നിവരെയാണ് അദ്വൈത് പുറത്താക്കിയത്. ആയുഷ് ഷെട്ടി 37ഉം, ആയുഷ് ഷിൻഡെ 26ഉം , അർജുൻ ​ഗദോയ അഞ്ചും റൺസ് നേടി. 
തുട‍ർന്നെത്തിയ ഹർഷ് ശൈലേഷും ദേവാശിഷ് ഘോഡ്കെയും ചേർന്ന് 77 റൺസ് കൂട്ടിച്ചേ‍ർത്തു. ഒടുവിൽ നാല് വിക്കറ്റിന് 170 റൺസെന്ന നിലയിൽ നില്‍ക്കെ  മുംബൈ ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്യുകയായിരുന്നു. ഹർഷ് 54ഉം ദേവാശിഷ് 32ഉം റൺസുമായി പുറത്താകാതെ നിന്നു. തുടർന്ന് 252 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം വിക്കറ്റ് പോകാതെ 13 റൺസെടുത്ത് നില്‍ക്കെ  കളി സമനിലയിൽ അവസാനിച്ചു. കേരളത്തിന് വേണ്ടി വിശാൽ ജോർജ് 12ഉം ക്യാപ്റ്റൻ ഇഷാൻ എം രാജ് ഒരു റണ്ണും നേടി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ മുംബൈ 312 റൺസും കേരളം 231 റൺസുമായിരുന്നു നേടിയത്. മത്സരത്തിലാകെ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് റെയ്ഹാനും 90 റൺസ് നേടിയ അഭിവനവ് ആർ നായരുമാണ് കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്.
Advertisment