വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ കേരളം എട്ട് വിക്കറ്റിന് 165 റൺസെന്ന നിലയിൽ

New Update
kca
കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ എട്ട് വിക്കറ്റിന് 165 റൺസെന്ന നിലയിലാണ് കേരളം. 62 റൺസെടുത്ത ധീരജ് ഗോപിനാഥിൻ്റെ ഇന്നിങ്സാണ് കേരളത്തെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള കേരളത്തിൻ്റെ തീരുമാനം തിരിച്ചടിയാകുന്നതാണ് തുടക്കത്തിൽ തന്നെ കണ്ടത്. സ്കോ‍ർ അഞ്ചിൽ നില്ക്കെ അതിതീശ്വർ റണ്ണൗട്ടായി. ഇഷാൻ എം രാജും വിശാൽ ജോർജും 23 റൺസ് വീതം നേടി മടങ്ങി. തുട‍രെ നാല് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റിന് 91 റൺസെന്ന നിലയിലായിരുന്നു കേരളം. അഭിനവ് ആർ നായർ രണ്ടും അദ്വൈത് വി നായർ 14ഉം ദേവർഷ് ഏഴും നവനീത് പൂജ്യത്തിനും പുറത്തായി.

തുട‍‌ർന്ന് എസ് വി ആദിത്യനൊപ്പം ചേർന്ന് ധീരജ് ഗോപിനാഥ് കൂട്ടിച്ചേർത്ത 71 റൺസാണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 226 പന്തുകൾ നേരിട്ട ധീരജ് എട്ട് ബൗണ്ടറികളടക്കം 62 റൺസെടുത്ത് പുറത്തായി. 117 പന്തുകളിൽ നിന്ന് 29 റൺസുമായി ആദിത്യൻ പുറത്താകാതെ നില്ക്കുകയാണ്. ബംഗാളിന് വേണ്ടി ത്രിപ‍ർണ്ണ സമന്ത മൂന്നും ഉത്സവ് ശുക്ല രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Advertisment


--

Advertisment