വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള - ബം​ഗാൾ മത്സരം സമനിലയിൽ, കേരളത്തിന് വിജയം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kca
കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ബംഗാളും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. നേരിയ വ്യത്യാസത്തിലാണ് കേരളത്തിന് വിജയം നഷ്ടമായത്. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ എട്ട് വിക്കറ്റിന് 128 റൺസെടുത്ത് നില്ക്കെയാണ് കളി സമനിലയിൽ അവസാനിച്ചത്. നേരത്തെ ഒൻപത് വിക്കറ്റിന് 207 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്തിരുന്നു. കളിയുടെ രണ്ടിന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച എസ് വി ആദിത്യൻ്റെ പ്രകടനമാണ് കേരള നിരയിൽ ശ്രദ്ധേയമായത്.

സമനിലയ്ക്കായി ശ്രമിക്കാതെ വിജയമെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് കേരളം അവസാന ദിവസം തുടക്കം മുതൽ ബാറ്റ് വീശിയത്. ക്യാപ്റ്റൻ വിശാൽ ജോർജ്ജും ദേവർഷും ചേ‍ർന്ന് അതിവേഗം  രണ്ടാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേ‍ർത്തു. ദേവർഷ് 36ഉം വിശാൽ ജോർജ് 49ഉം റൺസ് നേടി. അദ്വൈത് വി നായരും അഭിനവ് ആ‍ർ നായരും ചേർന്ന് 48 പന്തുകളിൽ 49 റൺസ് നേടി. അഭിനവ് 28ഉം അദ്വൈത് 34ഉം റൺസ് നേടി. ഒടുവിൽ ഒൻപത് വിക്കറ്റിന് 207 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ബംഗാളിന് വേണ്ടി ആകാശ് യാദവ് മൂന്നും ത്രിപർണ സാമന്ത രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എസ് വി ആദിത്യനാണ് ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർമാരായ ചിരന്തൻ സാഹുവിനെയും ശ്രേയം ഘോഷിനെയും പുറത്താക്കിയത്. തുട‍ർന്നെത്തിയ ക്യാപ്റ്റൻ രാജേഷ് മൊണ്ടൽ ഉറച്ച് നിന്ന് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണത് കേരളത്തിന് വിജയപ്രതീക്ഷ നല്കി. എന്നാൽ പത്താമനായി ക്രീസിലെത്തിയ പ്രബീൺ ഛേത്രി, രാജേഷ് മൊണ്ടലിന് മികച്ച പിന്തുണയായി. 15 ഓവറിലേറെ പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് കേരളത്തിൻ്റെ വിജയത്തിന് വഴി മുടക്കിയത്. ബംഗാൾ എട്ട് വിക്കറ്റിന് 128 റൺസെന്ന നിലയിൽ നില്ക്കെ കളി സമനിലയിൽ അവസാനിച്ചു. കേരളത്തിന് വേണ്ടി എസ് വി ആദിത്യൻ അഞ്ചും നവനീത് കെ എസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ആദിത്യൻ വിലപ്പെട്ട 37 റൺസും നേടിയിരുന്നു.

സ്കോ‍ർ
കേരളം
ഒന്നാം ഇന്നിങ്സ് -178 , രണ്ടാം ഇന്നിങ്സ് - 207/9 ഡിക്ലയേഡ്

ബംഗാൾ
ഒന്നാം ഇന്നിങ്സ് - 193 , രണ്ടാം ഇന്നിങ്സ് - 128/8
Advertisment
Advertisment