കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്‌നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്

New Update
retained star
തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച് ആലപ്പി റിപ്പിള്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍,  അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെയാണ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്.
Advertisment
രഞ്ജി ട്രോഫി ഫൈനലിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ഇടങ്കയ്യന്‍ ചൈനാമാന്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായ വിഗ്‌നേഷ് പുത്തൂര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റംകുറിച്ചു, മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇടങ്കയ്യന്‍ ഓള്‍റൗണ്ടറായ അക്ഷയ് ചന്ദ്രനും അക്ഷയ്.ടി.കെയും ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്‍ തുടരുന്ന താരങ്ങളാണ്.

'തുഴയില്ല, തൂക്കിയടി മാത്രം' എന്ന മുദ്രാവാക്യവുമായാണ് ആലപ്പി റിപ്പിള്‍സ് കെസിഎല്‍ സീസണ്‍ രണ്ടിന് തയാറെടുക്കുന്നത്. പ്രതിഭയുള്ള കളിക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനോടൊപ്പം, കളിക്കളത്തിനകത്തും പുറത്തും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ടീം പ്രാധാന്യം നല്‍കുന്നുവെന്ന് ആലപ്പി റിപ്പിള്‍സ് വക്താവ് പറഞ്ഞു.
ഒരു ടീമിനു രൂപം കൊടുക്കുക എന്നതിനപ്പുറത്തേക്ക് ഒരു പാരമ്പര്യം തന്നെ പടുത്തുയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിഎല്‍ രണ്ടാം സീസണിലെ താര ലേലം ഈ മാസം അഞ്ചിനു നടക്കും. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴുവരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ഏഷ്യാനെറ്റ് പ്ലസ്, സ്റ്റാർ സ്പോർട്സ് ചാനൽ 3, ഫാൻകോഡ് എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും.
Advertisment