രഞ്ജിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ

New Update
RANJ0627

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണ് കരുത്തോടെ തുടക്കമിട്ട് കേരള ടീം. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ആദ്യ ദിവസം കളി നിർത്തുമ്പോൾ ശക്തമായ നിലയിലാണ് കേരളം. ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് അദ്യ ദിനം കളിയവസാനിപ്പിച്ചത്. പേസ് ബൌളർമാരുടെ തകർപ്പൻ ബൌളിങ്ങാണ് ആദ്യ ദിനം കേരളത്തിന് ആധിപത്യം സമ്മാനിച്ചത്.

Advertisment

RANJ0724



ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൌളർമാർ നല്കിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ അപകടകാരിയായ പൃഥ്വീ ഷാ പുറത്തായി. മനോഹരമായ പന്തിലൂടെ പൃഥ്വീ ഷായെ നിധീഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

BASIL

തൊട്ടടുത്ത പന്തിൽ സിദ്ദേഷ് വീറിനെ നിധീഷ് മൊഹമ്മദ് അസറുദ്ദീൻ്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിൻ്റെ ആദ്യ പന്തിൽ തന്നെ ആർഷിൻ കുൽക്കർണ്ണിയെ പുറത്താക്കി ബേസിൽ എൻ പിയും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ അതിമനോഹരമായി കയ്യിലൊതുക്കുകയായിരുന്നു. ആർഷിൻ മടങ്ങുമ്പോൾ മൂന്ന് വിക്കറ്റ് പൂജ്യമെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര.

Basil NP (2)



തൻ്റെ അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയെ പുറത്താക്കി ബേസിൽ മഹാരാഷ്ട്രയ്ക്ക് വീണ്ടും പ്രഹരമേല്പിച്ചു. തുടർന്നെത്തിയ സൌരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റൺസെന്ന നിലയിൽ വലിയൊരു തകർച്ചയെ നേരിടുകയായിരുന്നു മഹരാഷ്ട്ര. പുറത്തായ അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനായിരുന്നു മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്.

MD Nidheesh



49 റൺസെടുത്ത ജലജ് സക്സേനയെ പുറത്താക്കി നിധീഷ് തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. നിധീഷിൻ്റെ പന്തിൽ ജലജ് എൽബിഡബ്ല്യുവിൽ കുടുങ്ങുകയായിരുന്നു. വൈകാതെ സെഞ്ച്വറിക്കരികെ ഋതുരാജ് ഗെയ്ക്വാദും മടങ്ങി. 91 റൺസെടുത്ത ഗെയ്ക്വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. 151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. പത്ത് റൺസോടെ വിക്കി ഓസ്വാളും 11 റൺസോടെ രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Advertisment