/sathyam/media/media_files/2025/10/04/bapuna-cup-criket-2025-10-04-18-04-42.jpg)
നാഗ്പൂർ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ബാപുന കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 323 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ എ കെ ആകർഷാണ് കേരളത്തിൻ്റെ ബാറ്റിങ് നിരയിൽ ഏറ്റവും തിളങ്ങിയത്.
ഒമർ അബൂബക്കറും അഭിഷേക് ജെ നായരും ചേർന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. ഇരുവരും ചേർന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 51 റൺസ് പിറന്നു.സ്കോർ 51ൽ നില്‍ക്കെ 24 റൺസെടുത്ത ഒമർ അബൂബക്കർ പുറത്തായി.
നേരിട്ട ആദ്യ പന്തിൽ തന്നെ റിയ ബഷീറും മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ അഭിഷേക് ജെ നായർക്കും പവൻ ശ്രീധറിനുമൊപ്പം ചേർന്ന് എ കെ ആകർഷ് ഉയർത്തിയ കൂട്ടുകെട്ടുകൾ കേരളത്തിന് തുണയായി. അഭിഷേകിനൊപ്പം മൂന്നാം വിക്കറ്റിൽ 79 റൺസാണ് ആകർഷ് കൂട്ടിച്ചേർത്തത്. 64 റൺസെടുത്ത അഭിഷേകിനെ സായ്ദീപ് മഹാപത്ര എൽബിഡബ്യുവിൽ കുടുക്കുകയായിരുന്നു.
തുടർന്നെത്തിയ പവൻ ശ്രീധറും മികച്ച രീതിയിൽ ബാറ്റ് വീശി. 97 പന്തുകളിൽ 70 റൺസെടുത്ത പവനെ വിമൽ കുമാറാണ് പുറത്താക്കിയത്. പവന് ശേഷമെത്തിയ ആസിഫ് അലി അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും 37 റൺസിന് പുറത്തായി.
മഴയെ തുടർന്ന് കളി നിർത്തുമ്പോൾ 104 റൺസോടെ ആകർഷും ഏഴ് റൺസോടെ ക്യാപ്റ്റൻ അഭിജിത്തുമാണ് ക്രീസിൽ. ഒൻപത് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ആകർഷിൻ്റെ ഇന്നിങ്സ്. ഒഡീഷയ്ക്ക് വേണ്ടി ക്യാപ്റ്റൻ സായ്ദീപ് മഹാപത്രയും വിമൽകുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.