സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം പൊരുതുന്നു

New Update
98111a63-9773-47a9-a9b2-48fde2fb8ff3

ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 105 റൺസ് കൂടി വേണം. നേരത്തെ പഞ്ചാബ് ആദ്യ ഇന്നിങ്സ് നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 202 റൺസായിരുന്നു കേരളം ആദ്യ ഇന്നിങ്സിൽ നേടിയത്. 

Advertisment

ഒരു വിക്കറ്റിന് 326 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ 23 റൺസെടുത്ത ഹർജാസ് സിങ് ഠണ്ഡൻ്റെ വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ  ജസ്കരൺവീർ സിങ്ങിനെ അഭിജിത് പ്രവീണും പുറത്താക്കി.24 ബൌണ്ടറികളടക്കം 160 റൺസ് നേടിയാണ് ജസ്കരൺവീർ സിങ് മടങ്ങിയത്. തുടർന്നെത്തിയ മായങ്ക് സിങ്ങിനെയും അഭിജിത് തന്നെ പുറത്താക്കി. ഡിക്ലറേഷൻ മുന്നിൽക്കണ്ട് സ്കോറിങ് വേഗത്തിലാക്കിയ പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ ഇമൻജ്യോത് സിങ് മികച്ച പ്രകടനം കാഴ്ച വച്ചു. 40 പന്തുകളിൽ നിന്ന് ഇമൻജ്യോത് പുറത്താകാതെ 51 റൺസെടുത്തു. നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ പഞ്ചാബ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ആകർഷിൻ്റെയും കാർത്തിക്കിൻ്റെയും വിക്കറ്റുകൾ നഷ്ടമായി. ആകർഷ് അഞ്ചും കാർത്തിക് ആറും റൺസ് നേടി മടങ്ങി. വരുൺ നായനാരും പവൻ ശ്രീധറും ചേർന്ന കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റിയത്. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. പവൻ ശ്രീധർ 30ഉം കാമിൽ അബൂബക്കർ നാലും ആസിഫ് അലി പൂജ്യത്തിനും പുറത്തായി. വരുൺ നായനാരും ക്യാപ്റ്റൻ അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കിയെങ്കിലും അധികം നീണ്ടില്ല. 51 റൺസെടുത്ത വരുൺ ഹർഷ് ദീപ് സിങ്ങിൻ്റെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ അഭിജിത് പ്രവീൺ 24ഉം വിജയ് വിശ്വനാഥ് ഒരു റണ്ണും നേടി ക്രീസിലുണ്ട്.

Advertisment