സൂപ്പർ ഓവറിലും ഒപ്പത്തിനൊപ്പം, ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ സൗരാഷ്ട്രയെ മറികടന്ന് കേരള വനിതകൾ

New Update
womwnjh

ഒപ്പത്തിനൊപ്പം പൊരുതിയ ആവേശപ്പോരാട്ടത്തിനും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ സൗരാഷ്ട്രയ്ക്കെതിരെ വിജയം സ്വന്തമാക്കി കേരള വനിതകൾ. 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിലാണ് കേരളം സൗരാഷ്ട്രയ്ക്കെതിരെ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്.

Advertisment

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസിൽ അവസാനിച്ചതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. എന്നാൽ സൂപ്പർ ഓവറിൽ ഇരു ടീമുകളും പത്ത് റൺസ് വീതം നേടി വീണ്ടും തുല്യത പാലിച്ചതിനെ തുടർന്ന് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു. രണ്ടാം സൂപ്പർ ഓവറിൽ സൗരാഷ്ട്രയ്ക്ക് മൂന്ന് റൺസ് മാത്രമാണ് നേടാനായത്. കേരളം അഞ്ചാം പന്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. ക്യാപ്റ്റൻ ഉമേശ്വരിയുടെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് സൗരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തില്‍  114 റൺസെടുത്തത്. ഉമേശ്വരി ജെത്വ 55ഉം ഷിഫ ഷെലറ്റ് 34ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി ശീതൾ രണ്ടും നജ്ല, നിയ നസ്നീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇസബെല്ലിൻ്റെ മികച്ച ഇന്നിങ്സ് തുണയായി. 38 റൺസെടുത്ത ഇസബെല്ലിൻ്റെ മികവിൽ കേരളം ഒൻപത് വിക്കറ്റിന് 114 റൺസ് നേടി.

ഇരു ടീമുകളും 114 റൺസ് വീതം നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയും ഒരു വിക്കറ്റിന് 10 റൺസെടുത്തു. തുടർന്ന് രണ്ടാം സൂപ്പർ ഓവർ. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയ്ക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസെടുത്ത് ലക്ഷ്യത്തിലെത്തി.

Advertisment