കൊച്ചി : സഞ്‌ജു സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് രംഗത്ത്. സഞ്ജു അച്ചടക്കലംഘനം നടത്തിയതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിന്റെ ക്യാമ്പിലേക്ക് സഞ്‌ജുവിനെ ക്ഷണിച്ചിരുന്നു. എന്നാൽ, ഉണ്ടാകില്ലെന്നായിരുന്നു പ്രതികരണം.
എന്നാൽ മത്സരത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്താണെന്ന് താരം കെസിഎ അറിയിക്കുകയും ചെയ്‌തില്ല.
ടീം പ്രഖ്യാപിച്ചശേഷം കളിക്കാൻ ഉണ്ടാകുമെന്ന് അറിയിച്ചു. തോന്നുന്നപോലെ വരാനും പോകാനുമുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്നും അദ്ദേഹം പറഞ്ഞു.
രഞ്‌ജിട്രോഫി ക്രിക്കറ്റിലും സമാനസംഭവമുണ്ടായി. കർണാടകക്കെതിരായ മത്സരശേഷം മെഡിക്കൽ ആവശ്യമുണ്ടെന്ന് പറഞ്ഞ് പോയി. എന്നാൽ എന്താണ് മെഡിക്കൽ ആവശ്യമെന്ന് പറഞ്ഞതുമില്ല.
മറ്റ് കളിക്കാർക്ക് മാതൃകയാകേണ്ട വ്യക്തിയിൽനിന്ന് അച്ചടക്കനടപടി എടുക്കേണ്ട കുറ്റമാണുണ്ടായത്. എന്നാൽ, സഞ്‌ജുവിന്റെ ഭാവിയോർത്താണ് നടപടി എടുക്കാതിരുന്നതെന്ന് ജയേഷ് ജോർജ് പറഞ്ഞു.