/sathyam/media/media_files/2025/08/31/sid_5983-2025-08-31-13-19-07.jpg)
തിരുവനന്തപുരം: കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെ ആറ് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അഞ്ച് പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. കൊച്ചിയ്ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ വിനൂപ് മനോഹരനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടിയ കൊച്ചി തൃശൂരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മല്സരങ്ങളിൽ ബാറ്റിങ് നിരയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ അഹ്മദ് ഇമ്രാൻ തുടക്കത്തിൽ തന്നെ മടങ്ങിയത് തൃശൂരിന് തിരിച്ചടിയായി. 11 പന്തുകളിൽ 16 റൺസെടുത്ത ഇമ്രാൻ, ശ്രീഹരി എസ് നായരുടെ പന്തിൽ മൊഹമ്മദ് ആഷിഖ് പിടിച്ചാണ് പുറത്തായത്. ഇമ്രാൻ്റെ അഭാവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് വീശിയ ആനന്ദ് കൃഷ്ണൻ്റെ ഇന്നിങ്സ് തൃശൂരിന് കരുത്തായി.
വരുൺ നായനാരും ഷോൺ റോജറും അക്ഷയ് മനോഹറും കാര്യമായ സംഭാവകളില്ലാതെ മടങ്ങിയെങ്കിലും മറുവശത്ത് ആനന്ദ് ഉറച്ച് നിന്നു. 43 പന്തുകളിലാണ് ആനന്ദ് അർദ്ധ സെഞ്ച്വറി തികച്ചത്. 54 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 70 റൺസാണ് ആനന്ദ് നേടിയത്. ആനന്ദ് മടങ്ങിയതോടെ സ്കോറിങ്ങിൻ്റെ ചുമതലയേറ്റെടുത്ത അർജുൻ എ കെയുടെ കൂറ്റൻ ഷോട്ടുകളാണ് തൃശൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
14 പന്തുകളിൽ നിന്ന് രണ്ട് ഫോറും നാല് സിക്സുമടക്കം 39 റൺസാണ് അർജുൻ നേടിയത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ശ്രീഹരി എസ് നായരും കെ എം ആസിഫുമാണ് കൊച്ചിയുടെ ബൌളിങ് നിരയിൽ തിളങ്ങിയത്. ജോബിൻ ജോബി രണ്ട് വിക്കറ്റും നേടി.
സഞ്ജു സാംസൻ്റെ അഭാവത്തിൽ വിനൂപ് മനോഹരനൊപ്പം കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്സ് തുറന്നത് വിപുൽ ശക്തിയാണ്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിപുൽ തൻ്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുകയും ചെയ്തു. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 93 റൺസ് പിറന്നു. 31 പന്തുകളിൽ 36 റൺസെടുത്ത വിപുലിനെ അജിനാസ് പുറത്താക്കി. മറുവശത്ത് തകർത്തടിച്ച വിനൂപ് മനോഹരൻ 42 പന്തുകളിൽ നിന്ന് 65 റൺസ് നേടി. രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു വിനൂപ് മനോഹരൻ്റെ ഇന്നിങ്സ്. എന്നാൽ 14ആം ഓവറിൽ വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും പുറത്തായി.
തൊട്ടുപിറകെ ഒൻപത് റൺസെടുത്ത ജോബിൻ ജോബിയും മടങ്ങി. തൃശൂർ പിടിമുറുക്കുന്നുവെന്ന് തോന്നിച്ചെങ്കിലും സാലി സാംസനും ആൽഫി ഫ്രാൻസിസും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. സാലി 25ഉം ആൽഫി ഫ്രാൻസിസ് 14ഉം റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിത്യ വിനോദാണ് തൃശൂർ ബൌളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള കൊച്ചി പോയിൻ്റ് നേട്ടം പത്താക്കി ഉയർത്തി.