ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

New Update
kochi blue tigers
തിരുവനന്തപുരം: കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു കൊച്ചിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ 97 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 12ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മൊഹമ്മദ് ആഷിഖാണ് കളിയിലെ താരം.

തുടക്കത്തിൽ സ്വയം  വരുത്തിയ പിഴവുകളാണ് മല്സരത്തിൽ ട്രിവാൺഡ്രം റോയൽസിന് തിരിച്ചടിയായത്. അതിൽ നിന്നും കരകയറാൻ പിന്നീടവർക്കായില്ല. വിലപ്പെട്ട മൂന്ന് വിക്കറ്റുകളാണ് റോയൽസ് താരങ്ങൾ റണ്ണൌട്ടിലൂടെ വലിച്ചെറിഞ്ഞത്. സ്കോർ ബോർഡ് തുറക്കും മുൻപെ തന്നെ വെടിക്കെട്ട് ബാറ്ററായ എസ് സുബിൻ മടങ്ങി. സഞ്ജു സാംസൻ്റെ മികച്ചൊരു ത്രോയാണ് സുബിൻ്റെ വിക്കറ്റിന് വഴിയൊരുക്കിയത്. തൊട്ടു പിറകെ റിയ ബഷീറിനെ അഖിൻ സത്താർ പുറത്താക്കി. സ്കോർ 22ൽ നില്ക്കെ വീണ മൂന്ന് വിക്കറ്റുകളാണ് മല്സരത്തിൻ്റെ ഗതി നിർണ്ണയിച്ചത്. ഇതിൽ കൃഷ്ണപ്രസാദും ഗോവിന്ദ് പൈയും പുറത്തായത് റണ്ണൌട്ടിലൂടെയായിരുന്നു. അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു ഇരുവരും. തുടർന്നെത്തിയ എം നിഖിലും അക്കൌണ്ട് തുറക്കാതെ മടങ്ങി.

നിലയുറപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും, അബ്ദുൾ ബാസിദ് 17 റൺസെടുത്ത് പുറത്തായി. അതോടെ വലിയൊരു തകർച്ചയിലേക്ക് വഴുതിയ ടീമിനെ നാണക്കേടിൽ നിന്ന് കരകയറ്റിയത് ഓൾ റൌണ്ടർ അഭിജിത് പ്രവീണിൻ്റെയും ബേസിൽ തമ്പിയുടെയും ചെറുത്തുനില്പാണ്. 28 റൺസെടുത്ത അഭിജിത്താണ് റോയൽസിൻ്റെ ടോപ് സ്കോറർ. ബേസിൽ തമ്പി 20 റൺസെടുത്തു. കൊച്ചിയ്ക്കായി അഖിൻ സത്താറും മൊഹമ്മദ് ആഷിഖും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് ക്യാപ്റ്റൻ്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ സാലി സാംസൻ്റെ ഇന്നിങ്സാണ് അനായാസ വിജയം ഒരുക്കിയത്. ഓപ്പണർമാരായ ജോബിൻ ജോബിയും വിനൂപ് മനോഹരനും ചെറിയ സ്കോറുകളുമായി മടങ്ങി. ജോബിൻ ജോബി എട്ടും വിനൂപ് മനോഹരൻ 14ഉം റൺസെടുത്തു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സാലി സാംസനും മൊഹമ്മദ് ഷാനുവും ചേർന്ന് കൊച്ചിയെ വിജയതീരത്തെത്തിച്ചു. സാലി 50ഉം ഷാനു 23ഉം റൺസുമായി പുറത്താകാതെ നിന്നു. 30 പന്തുകളിൽ അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സാലിയുടെ ഇന്നിങ്സ്. റോയൽസിന് വേണ്ടി ടി എസ് വിനിൽ ഒരു വിക്കറ്റ് വീഴ്ത്തി.
Advertisment
Advertisment