/sathyam/media/media_files/2025/08/25/blue-tigers-2025-08-25-15-35-55.jpg)
തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ് വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്.
ആവേശം എല്ലാ അതിരുകളും ഭേദിച്ചൊരു പോരാട്ടം. അതിനായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അടിച്ചും തിരിച്ചടിച്ചും കൊല്ലവും കൊച്ചിയും അവസാന പന്ത് വരെ പോരാടിയപ്പോള്‍ ടീമിന് അതിശയ വിജയമൊരുക്കിയത് സഞ്ജുവിന്റെയും മൊഹമ്മദ് ആഷിക്കിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ്. 237 റണ്‍സെന്ന വലിയ ലക്ഷ്യവുമായിറങ്ങിയ കൊച്ചിക്ക് സഞ്ജു നല്കിയത് തകര്‍പ്പന്‍ തുടക്കമാണ്. പവന്‍ രാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്. ആ ഓവറില്‍ തന്നെ വീണ്ടുമൊരു ഫോറും സിക്‌സും.
മൂന്നാം ഓവറില്‍ ഷറഫുദ്ദീനെതിരെ തുടരെ നാല് ബൌണ്ടറികള്‍. ഫോറും സിക്‌സും തുടര്‍ക്കഥയായപ്പോള്‍ അന്‍പതിലേക്ക് എത്താന്‍ സഞ്ജുവിന് വേണ്ടി വന്നത് 16 പന്തുകള്‍ മാത്രമാണ്. അഞ്ചാം ഓവറില്‍ വിനൂപ് മനോഹരന്‍ മടങ്ങിയപ്പോള്‍ പകരമെത്തിയത് മൊഹമ്മദ് ഷാനുവാണ്. പന്തുകള്‍ അതിര്‍ത്തി കടത്തി സഞ്ജുവിന് മികച്ച പിന്തുണ നല്കിയ ഷാനു 28 പന്തുകളില്‍ 39 റണ്‍സെടുത്തു. ആദ്യ പവര്‍പ്ലേയില്‍ തന്നെ നൂറ് റണ്‍സാണ് കൊച്ചി അടിച്ചുകൂട്ടിയത്. കെസിഎല്‍ സീസണ്‍ -2 വില്‍ ഇതാദ്യമായാണ് ഒരു ടീം ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇത്രയും വലിയ സ്‌കോര്‍ നേടുന്നത്.
പാതി പിന്നിട്ടതോടെ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞെങ്കിലും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സഞ്ജു ബാറ്റ് വീശിയത്. ഷാനുവും സാലി സാംസനും നിഖില്‍ തോട്ടത്തും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. എന്നാല്‍ പകരമെത്തിയ മൊഹമ്മദ് ആഷിഖ് അവസാന പന്ത് വരെ കൂറ്റന്‍ ഷോട്ടുകളുമായി ക്രീസില്‍ ഉറച്ച് നിന്നു. ഇതിനിടയില്‍ 42 പന്തുകളില്‍ നിന്ന് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കി. 19ആം ഓവറില്‍ ആദ്യ പന്തില്‍ 121 റണ്‍സെടുത്ത സഞ്ജു മടങ്ങി. അയജ്‌ഘോഷിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. 51 പന്തുകളില്‍ 14 ഫോറും ഏഴ് സിക്‌സുമടക്കമാണ് സഞ്ജു 121 റണ്‍സ് നേടിയത്.
പകരമെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി. ഒടുവില്‍ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കൊച്ചിയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സായിരുന്നു. ഷറഫുദ്ദീന്‍ എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ മൊഹമ്മദ് ആഷിഖ് ഫോറും സിക്‌സും നേടി. എന്നാല്‍ നാലാം പന്തില്‍ ആല്‍ഫി ഫ്രാന്‍സിസ് റണ്ണൌട്ടായി. അഞ്ചാം പന്തില്‍ റണ്‍ നേടാനാകാതെ വന്നതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായിരുന്നു. ഷറഫുദ്ദീന്റെ പന്ത് ലോങ് ഓണിലേക്ക് പറത്തി ആഷിഖ് ടീമിന് അത്ഭുത വിജയം സമ്മാനിക്കുകയായിരുന്നു. 18 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 45 റണ്‍സാണ് ആഷിഖ് നേടിയത്.