കൊച്ചിയ്ക്കെതിരെ കൊല്ലത്തിന് കൂറ്റൻ സ്കോർ

New Update
kollam kochi
തിരുവനന്തപുരം: കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്.

ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മല്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മല്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇരുവർക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. അഭിഷേക് ജെ നായർ മൂന്നാം ഓവറിൽ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേർന്നത്. നേരിട്ട ആദ്യ പന്തുകളിൽ ലഭിച്ച ഭാഗ്യത്തിൻ്റെ ആനുകൂല്യം സച്ചിൻ മുതലാക്കി.
Advertisment
അഖിൻ സത്താറിനെ ബൌണ്ടറി പായിച്ച് അക്കൌണ്ട് തുറന്ന സച്ചിൻ തുടർന്നുള്ള ഓവറുകളിൽ ഫോറിൻ്റെയും സിക്സിൻ്റെയും പെരുമഴ തീർത്തു. 22 പന്തുകളിൽ നിന്ന് സച്ചിൻ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കൊച്ചി ക്യാപ്റ്റൻ സലി സാംസൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പത്താം ഓവറിൽ നൂറ് കടന്ന കൊല്ലം സെയിലേഴ്സ് 14ആം ഓവറിൽ 150ഉം പിന്നിട്ടു. എന്നാൽ പി എസ് ജെറിൻ എറിഞ്ഞ ആ ഓവറിൽ തന്നെ സച്ചിൻ മടങ്ങി. ജെറിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരൻ പിടികൂടുകയായിരുന്നു. 44 പന്തുകളിൽ നിന്ന് ആറ് ഫോറും ആറ് സിക്സും അടക്കം സച്ചിൻ 91 റൺസ് നേടി.

sachin baby 1


തൊട്ടടുത്ത പന്തിൽ രാഹുൽ ശർമ്മയെ ജെറിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ തുടർന്നങ്ങോട്ട് കൂറ്റൻ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകൾ അതിർത്തി കടന്ന് പാഞ്ഞപ്പോൾ 17ആം ഓവറിൽ സെയിലേഴ്സ് 200 പിന്നിട്ടു. എന്നാൽ കെ എം ആസിഫിനെ ബൌളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റൺസെടുത്ത വിഷ്ണു വിനോദ് ആൽഫി ഫ്രാൻസിസ് പിടിച്ചു മടങ്ങി. 41 പന്തിൽ മൂന്ന് ഫോറും ഒൻപത് സിക്സുമടക്കം 94 റൺസാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീൻ എട്ടും എ ജി അമൽ 12ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിൻ രണ്ടും സലി സാംസനും കെ എം ആസിഫും എം. ആഷിഖും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Advertisment