കോലാലംപുർ : അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയെ 60 റണ്ണിന് പരാജയപ്പെടുത്തി ഇന്ത്യ. മൂന്നു കളിയും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സൂപ്പർ സിക്‌സിലേക്ക് പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ലങ്കന്‍ വനിതകളുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ അവസാനിച്ചു.
മലയാളി താരം വിജെ ജോഷിത അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാണ് ലങ്കയെ തകര്‍ത്തത്. ശബ്‌നം ഷാകില്‍, ജോഷിത, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓപ്പണർ ജി തൃഷ 49 റണ്ണുമായി കളിയിലെ താരമായി. മിഥില വിനോദ് (16), വി ജെ ജോഷിത (14), ക്യാപ്‌റ്റൻ നികി പ്രസാദ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. വയനാട്ടുകാരി ജോഷിതയുടേത് ഓൾറൗണ്ട് പ്രകടനമായിരുന്നു.
ഗ്രൂപ്പ് എയിൽ ഇന്ത്യക്കു പിറകിൽ ലങ്കയും വെസ്‌റ്റിൻഡീസും സൂപ്പർ സിക്‌സിലെത്തി. 26ന് ബംഗ്ലാദേശും 28ന് സ്‌കോട്ട്‌ലൻഡുമാണ് സൂപ്പർ സിക്‌സിലെ എതിരാളികൾ.