ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പുഴയുടെ സ്വന്തം ടീം ആലപ്പി റിപ്പിള്‍സ് കളിക്കാരെ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്കു മുമ്പില്‍ അണിനിരത്തിയപ്പോള്‍ വാനോളമെത്തി ആവേശം. റിപ്പിള്‍സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ കുഞ്ചാക്കോ ബോബന്‍ എസ് ഡി കോളേജില്‍ നടന്ന ചടങ്ങിലാണ് ടീമിനെ അവതരിപ്പിച്ചത്.
താരലേലത്തിനു ശേഷം വമ്പന്‍ മാറ്റങ്ങള്‍ നടത്തി എത്തുന്ന ആലപ്പി റിപ്പിള്‍സ് ടീമിന്റെ അവതരണം 'സേ നോ ടു ഡ്രഗ്‌സ്' പ്രചാരത്തിനു കൂടി ഊന്നല്‍ നല്‍കി. റിപ്പിള്‍സ് കോച്ച് സോണി ചെറുവത്തൂര്‍, ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, വൈസ് ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്‍ എന്നിവരും മറ്റ് ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടീം ഉടമകളായ ടി. എസ്. കലാധരൻ, റാഫേല്‍ പൊഴോലിപ്പറമ്പില്‍ തോമസ് എന്നിവർ കളിക്കാർക്ക് ടീമിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിന്റെ ഭാഗമായ ടീം ക്യാപ് കൈമാറി.
ജലജ് സക്സേന, വിഗ്നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ, ബേസിൽ എൻ. പി, ശ്രീഹരി എസ്. നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുൽ ചന്ദ്രൻ, അനുജ്ജ് ജോതിൻ, ശ്രീരൂപ് എം. പി., ബാലു ബാബു, അരുൺ കെ. എ., അഭിഷേക് പി നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ. ഈ മാസം 22നു തൃശൂർ ടൈറ്റൻസിനു എതിരായാണ് കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി റിപ്പിള്‍സിന്റെ ആദ്യ മത്സരം.
കോച്ചിങ് സ്റ്റാഫ്, സ്‌പോണ്‍സേര്‍സ്, എസ് ഡി കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. തുടര്‍ന്ന് റാപ്പര്‍ ഫെജോ, ഡിജെ റിക്കി ബ്രൗണ്‍ എന്നിവരുടെ ലൈവ് പെര്‍ഫോമന്‍സും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും നടന്നു.