ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി വിമര്‍ശിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ദയനീയമായി തോല്‍വി വഴങ്ങിയതിന് പിന്നാലെയായിരുന്നു സംഭവവികാസങ്ങള്‍.
ഗോയങ്കെയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും വ്യാപകമായി. ആരാധകരടക്കം ഗോയങ്കയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തി. ഗോയങ്കെയുടേത് നാണംകെട്ട നടപടിയെന്നാണ് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വിശേഷിപ്പിച്ചത്.
“നിങ്ങൾക്ക് കെ എൽ രാഹുലിനെ അപമാനിക്കാൻ കഴിയില്ല. അദ്ദേഹം സാധാരണ ക്രിക്കറ്റ് കളിക്കാരനല്ല, ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. കാര്യങ്ങൾ പറയാൻ ഒരു വഴിയുണ്ട്. കെ.എൽ.രാഹുലിനോട് സംസാരിക്കണമെങ്കിൽ ഡ്രസിങ് റൂമിൽ വെച്ചോ ഹോട്ടലിൽ വെച്ചോ അത് ചെയ്യാമായിരുന്നു.
“അദ്ദേഹത്തിന്റെ (ഗോയങ്കെയുടെ) പെരുമാറ്റത്തെ ഞാൻ നാണംകെട്ടതെന്ന് വിളിക്കും. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, നിങ്ങൾക്ക് ഒരു കളിക്കാരനെ കുറ്റപ്പെടുത്താൻ കഴിയില്ല. നല്ല ദിവസങ്ങളുണ്ട്, മോശം ദിവസങ്ങളുണ്ട്, ”മുഹമ്മദ് ഷമി ക്രിക്ക്ബസിൽ പറഞ്ഞു.
എന്നാൽ ഇരുവരും തമ്മിലുള്ള സംഭാഷണത്തിൻ്റെ മുഴുവൻ സന്ദർഭവും അറിയാതെ എന്തെങ്കിലും അഭിപ്രായം പറയുന്നത് ന്യായമല്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പ്രതികരിച്ചു.
“ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഞാൻ ഒരു അഭിപ്രായം പറയുന്നത് ന്യായമല്ല. സഞ്ജീവ് രാഹുലിനോട് എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. അതിനാൽ, ഞാൻ അത് ഉപേക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
സംഭവത്തിന് ശേഷം ലഖ്‌നൗ ക്യാമ്പില്‍ അസ്വസ്ഥത പുകയുന്നുവെന്നാണ് അഭ്യൂഹം. ടീമിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോലും നിശ്ചലമാണ്. എന്നാല്‍ ഈ നിശബ്ദതയിലും രാഹുലിനെ പിന്തുണച്ച് സഹതാരം നവീന്‍ ഉള്‍ ഹഖ് രംഗത്തെത്തി. രാഹുലിനൊപ്പമുള്ള ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചാണ് രാഹുല്‍ ക്യാപ്റ്റന് പിന്തുണയറിയിച്ചത്.
അതേസമയം, ശേഷിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ ലഖ്‌നൗ ടീമിനെ നയിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബാറ്ററായി മാത്രമാകും താരം കളിക്കുകയെന്നാണ് അഭ്യൂഹം. രാഹുല്‍ ക്യാപ്റ്റനായില്ലെങ്കില്‍ നിക്കോളാസ് പുരന്‍ ടീമിനെ നയിക്കും. ഈ സീസണിന് ശേഷം രാഹുല്‍ ലഖ്‌നൗ ടീം വിട്ടേക്കുമെന്നാണ് സൂചന.