/sathyam/media/media_files/2025/10/08/photos544-2025-10-08-07-19-44.jpg)
മയാമി: സീസണോടുവിൽ ജോർഡി അൽബ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കും എന്ന് പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് താരം ഈ വിവരം പുറത്തു വിട്ടത്.
ഫുട്ബോളിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് സ്പാനിഷ് താരം വിരമിക്കൽ പ്രഖ്യാപന വീഡിയോ തന്റെ പ്രൊഫൈലിലൂടെ പങ്കുവെച്ചത്. 2023ൽ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ച 36 കാരൻ നിലവിൽ ഇന്റർ മയാമിക്കായി കളിച്ചുകൊണ്ടിരിക്കുന്നു.
എംഎൽഎസ് സീസൺ അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് പ്രഖ്യാപനം. നേരത്തെ സഹ താരം സെർജിയോ ബുസ്കെറ്റ്സും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. കാരിയറിൽ ബാഴ്‌സലോണ, വലൻസ്യ ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്.
2012ൽ വലസ്യയിൽ നിന്നും ബാഴ്‌സയിലെത്തിയ താരം കറ്റാലൻ ക്ലബ്ബിനായി 459 തവണ ബൂട്ടുകെട്ടിയിട്ടുണ്ട്. 2021 മുതൽ 2023 ൽ ബാഴ്‌സ വിടുന്നവരെ ക്ലബ്ബിന്റെ ലീഡർഷിപ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.
കറ്റാലൻ ക്ലബ്ബിൽ ചിലവിട്ട 11 വർഷത്തിൽ ആറ് ലാലിഗ കിരീടങ്ങൾ, അഞ്ചു കോപ്പ ഡെൽ റെയ് കിരീടങ്ങൾ നാല് സൂപ്പർ കപ്പ് കിരീടങ്ങൾ ഒന്ന് വീതം ചാമ്പ്യൻസ് ലീഗും ഫിഫ ക്ലബ് ലോകകപ്പും നേടിയിട്ടുണ്ട്. കൂടാതെ രാജ്യാന്തര തലത്തിൽ 2012 ലെ യൂറോ കപ്പും 2022-23 സീസണിലെ നേഷൻസ് ലീഗ് കിരീടവും വിജയിച്ച സ്പാനിഷ് ടീമിൽ അംഗമായിരുന്നു.