വയനാട് : മിന്നുമണി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.
അയർലണ്ടിനെതിരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കാൻ പോകുന്ന മൂന്ന് ഏകദിന ക്രിക്കറ്റ് മത്സരത്തിലേക്ക് കേരള ത്തിന്റെ മിന്നുമണിയും 15 അംഗ ടീമിൽ ഇടം നേടിയിരിക്കുന്നു.
ഓരോ മത്സരം കഴിയുംതോറും തൻ്റെ പ്രകടനം കൂടുതൽ ശ്രദ്ധാപൂർവ്വം മികവുറ്റതാക്കാൻ പരിശ്രമിക്കുന്ന മിന്നുമണി ഇന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ്.
2023-ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മിന്നു കേരള ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിക്കുന്നു. കേരളത്തിലെ വയനാട് ജില്ലയിലെ ചോയിമൂല സ്വദേശിയായ മിന്നു ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ കേരള വനിതാ ക്രിക്കറ്റ് താരമാണ്
വയനാട്ടിലെ പട്ടികവർഗ്ഗ വിഭാഗങ്ങളിലൊന്നായ കുറിച്യ ഗോത്രത്തിൽ നിന്ന് വരുന്നു മിന്നുമണി . മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വരെയും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിൽ പത്താം ക്ലാസ് വരെയും പഠിച്ചു.
സുൽത്താൻ ബത്തേരി സർവജന ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ മിന്നു തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഫോർ വുമണിൽ നിന്ന് ബിരുദം നേടി.
പത്താം വയസ്സിൽ മിന്നുമണി ആൺകുട്ടികളുമായി നെൽവയലിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. തുടക്കത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനെ കുടുംബം പിന്തുണച്ചിരുന്നില്ല .
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായ എൽസമ്മ കളിയിലെ മിന്നുവിന്റെ വൈദഗ്ധ്യം ശ്രദ്ധിക്കുകയും വയനാട് ജില്ലാ അണ്ടർ 13 ടീമിന്റെ സെലക്ഷൻ ട്രയൽസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അടുത്ത വർഷം മിന്നുമണി കേരള അണ്ടർ-16 ടീമിൽ കളിച്ചു. 16 വയസ്സുള്ള സീനിയർ ലെവലിൽ കേരളത്തെ പ്രതിനിധീകരിച്ചു.
16-ാം വയസ്സിലാണ് മിന്നു കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. 2018-ൽ കേരള അണ്ടർ-23 വനിതാ ടീം 188 റൺസിനും 11 വിക്കറ്റിനും ദേശീയ ടി20 ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ നിർണായക പ്രകടനം കാഴ്ചവെച്ച താരമായിരുന്നു മിന്നു.
2019ൽ അണ്ടർ 23 ഏകദിന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിനെ പ്രതിനിധീകരിച്ചു. ബംഗ്ലാദേശ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലേക്കുള്ള ആദ്യ അവസരം മിന്നുവിന് ലഭിച്ചു, അതേ വർഷം തന്നെ എസിസി എമേർജിംഗ് വിമൻസ് ഏഷ്യാ കപ്പിലേക്ക് വിളിച്ചു .
തുടക്കക്കാലത്ത് പെണ്‍കുട്ടി എന്ന നിലയില്‍ വേണ്ടത്ര പിന്തുണ കിട്ടാത്തതടക്കം പല പ്രതിസന്ധികളെയും 'ക്ലീന്‍ ബൗള്‍ഡാ'ക്കിയാണ് ക്രിക്കറ്റില്‍ മിന്നു മിന്നിത്തിളങ്ങിയത്. കേരള ക്രിക്കറ്റ് അസോസിയേഷനും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയും പിന്നെ തോല്‍ക്കാത്ത മിന്നുവിന്റെ മനസ്സുമാണ് ഈ വിജയങ്ങള്‍ക്കൊക്കെ പിന്നില്‍