/sathyam/media/media_files/WqbJfJv2E49BY69OsIOV.jpg)
ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ നേടിയ സെഞ്ചുറി ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍. മത്സര ശേഷം എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ ഇസ്രായേലും ഹമാസും തമ്മിലുള്ള നിലവിലെ പ്രതിസന്ധിയെ പരാമര്‍ശിച്ച റിസ്വാന്‍ തന്റെ സെഞ്ചുറി 'ഗാസയിലെ സഹോദരീ സഹോദരന്മാര്‍ക്ക്' സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന്‍ 345 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. മുഹമ്മദ് റിസ്വാന്റെയും അബ്ദുല്ല ഷഫീഖിന്റെയും മികച്ച പ്രകടനമാണ് പാക് ടീമിനെ മികച്ച ജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ 121 പന്തില്‍ 131 റണ്‍സാണ് റിസ്വാന്‍ നേടിയത്.
'ഇത് ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാര്‍ക്ക് വേണ്ടിയായിരുന്നു. വിജയത്തില്‍ സംഭാവന നല്‍കിയതില്‍ സന്തോഷമുണ്ട്. ഇത് എളുപ്പമാക്കിയതിന് മുഴുവന്‍ ടീമിനും, പ്രത്യേകിച്ച് അബ്ദുല്ല ഷഫീഖിനും ഹസന്‍ അലിക്കും കടപ്പാടുകള്‍. അതിശയകരമായ ആതിഥ്യമര്യാദയും പിന്തുണയും ഉടനീളം നല്‍കിയ ഹൈദരാബാദിലെ ജനങ്ങള്‍ക്ക് അങ്ങേയറ്റം നന്ദിയുണ്ട്.' മുഹമ്മദ് റിസ്വാന്‍ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു.
മുഹമ്മദ് റിസ്വാന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് കാരണമായി. അദ്ദേഹം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആഗോള രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയരുതെന്നുമായിരുന്നു ചിലരുടെ നിര്‍ദ്ദേശം. കേവലം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഗാസയിലെ ജനങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ചോദിച്ച് നിരവധി ഉപയോക്താക്കള്‍ റിസ്വാന്റെ പോസ്റ്റിനെതിരെ രംഗത്ത് വന്നു.
'ഒരു സെഞ്ചുറിയോ വിജയമോ ഗാസയെ എങ്ങനെ സഹായിക്കും? പകരം, ലോകകപ്പ് മുതല്‍ പലസ്തീനികള്‍ക്കായി മാച്ച് ഫീ, അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം വരുമാനവും നിങ്ങളും മുഴുവന്‍ പാക്ക് ടീമും സംഭാവന ചെയ്യണം. . അത് യഥാര്‍ത്ഥ സഹായമായിരിക്കും. അല്ലെങ്കില്‍, ഈ ട്വീറ്റ് വെറും അസംബന്ധമാണ്.' ഒരു ഉപയോക്താവ് ട്വീറ്റിനോട് പ്രതികരിച്ചു.