മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിസിഐ ഓഫീസില്‍ നിന്നു ഐപിഎല്‍ 2025ലെ ജേഴ്‌സികള്‍ മോഷണം പോയി.
6.5 ലക്ഷം രൂപ വിലമതിക്കുന്ന ജേഴ്‌സികളാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ഫാറൂഖ് അസ്ലം ഖാന്‍ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ സുരക്ഷാ ജീവനക്കാരനാണ്. 2500 രൂപ വില വരുന്ന 261 ജേഴ്‌സികളാണ് മോഷണം പോയത്.
ജൂണ്‍ 13നാണ് ജേഴ്‌സികള്‍ ഫാറൂഖ് മോഷ്ടിച്ചത്. ഈ മാസം പകുതിയോടെ സ്‌റ്റോര്‍ റൂം കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ജേഴ്‌സികള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ബിസിസിഐ അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോള്‍ ഫാറൂഖ് ജേഴ്‌സികള്‍ പെട്ടിയിലാക്കി കടന്നു കളയുന്നത് വ്യക്തമായി. ഈ മാസം 17നാണ് ബിസിസിഐ പൊലീസില്‍ പരാതി നല്‍കിയത്.
ഓണ്‍ലൈന്‍ ഗെയിമില്‍ ആസക്തിയുള്ള ആളാണ് ഫാറൂഖെന്ന് പൊലീസ് പറയുന്നു. ഇതിനായുള്ള പണം കെണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയത്.
ജേഴ്‌സി വിറ്റുകിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്കാണ് ലഭിച്ചതെന്നും പണം മുഴുവന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടമായെന്നും ഇയാള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
മോഷണം പോയതില്‍ 50 ജേഴ്‌സില്‍ തിരികെ ലഭിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ ഇടപാടുകാരനാണ് ഫാറൂഖ് ജേഴ്‌സികള്‍ മുഴുവന്‍ വിറ്റത്.
ഓണ്‍ ലൈന്‍ വഴി ബന്ധപ്പെട്ടാണ് ഇയാള്‍ വില്‍പ്പന നടത്തിയതെന്നും പൊലീസ് പറയുന്നു.
വ്യത്യസ്ത ടീമുകളുടെ ജേഴ്‌സികളാണ് ഇയാള്‍ അടിച്ചു മാറ്റിയത്. ഇത് താരങ്ങള്‍ക്കുള്ളതാണോ അല്ലെങ്കില്‍ ആരാധകര്‍ക്കു വില്‍ക്കാനായി എത്തിച്ചതാണോ എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല.
എന്നാല്‍ ജേഴ്‌സികള്‍ മോഷ്ടിച്ചാണ് ഇയാള്‍ തനിക്കു വിറ്റതെന്നു അറിഞ്ഞിരുന്നില്ലെന്നു ഹരിയാനയിലെ ഇടാപാടുകാരന്‍ പറയുന്നു.
ഓഫീസില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ സ്‌റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായാണ് ജേഴ്‌സികള്‍ വില്‍ക്കുന്നത് എന്നാണ് ഫാറൂഖ് തന്നോടു പറഞ്ഞെതെന്നും ഹരിയാനക്കാരന്‍ വ്യക്തമാക്കി.