കെസിഎല്ലില്‍ തിളങ്ങുന്ന കേരള താരങ്ങളെ റാഞ്ചാൻ മുംബൈ ഇന്ത്യൻസ്; കളി കാണാൻ കിരൺ മോറെയും എത്തി

New Update
kiran mora
തിരുവനന്തപുരം: കെസിഎൽ സീസൺ - 2 ഉദ്ഘാടന ദിനത്തിലെ മത്സരങ്ങൾ കാണാൻ എത്തിയ പ്രമുഖരിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ സ്കൗട്ടും മുൻ ഇന്ത്യൻ താരവുമായ കിരൺ മോറെയും. ഐപിഎൽ സ്വപ്നം കാണുന്ന കേരളതാരങ്ങൾക്ക് പ്രതീക്ഷയേകുന്നതാണ് അദ്ദേഹത്തിൻ്റെ സന്ദർശനം. കേരളത്തിലെ യുവപ്രതിഭകളെ കണ്ടെത്തി തങ്ങളുടെ പാളയത്തിലെത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു മോറെയുടെ വരവ്.

ഐപിഎല്ലിലെ ഏറ്റവും മികച്ച ടാലന്റ് സ്കൗട്ടിംഗ് ശൃംഖലകളിലൊന്നാണ് മുംബൈ ഇന്ത്യൻസിന്റേത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും കഴിവുറ്റ കളിക്കാരെ കണ്ടെത്തി ലോകോത്തര താരങ്ങളാക്കി മാറ്റുന്നതിൽ മുംബൈയുടെ പങ്ക് വളരെ വലുതാണ്.

  കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്ന് വിഘ്നേഷ് പുത്തൂർ എന്ന യുവതാരത്തെ കണ്ടെത്തിയതും ഇതേ സ്കൗട്ടിംഗ് ടീമായിരുന്നു. കെസിഎല്ലിലെ മികച്ച പ്രകടനമാണ് വിഘ്നേഷിന് മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറാകാനും പിന്നീട് ടീമിന്റെ ഭാഗമാകാനും വഴിയൊരുക്കിയത്.

ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കിരൺ മോറെ നേരിട്ട് ഇത്തവണ കെസിഎൽ വേദിയിലെത്തിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിലെ ഓരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിച്ച അദ്ദേഹം, കളിക്കാരുടെ പ്രകടനങ്ങൾ വിലയിരുത്തി. ലീഗിലെ പ്രധാന ടീമുകളെയും കളിക്കാരെയും കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചതായാണ് വിവരം. വെടിക്കെട്ട് ബാറ്റ്സ്മാൻമാരെയും ഡെത്ത് ഓവറുകളിൽ മികവ് പുലർത്തുന്ന ബൗളർമാരെയുമാണ് മുംബൈ പ്രധാനമായും ലക്ഷ്യമിടുന്നത്.

സഞ്ജു സാംസണെപ്പോലുള്ള താരങ്ങൾ കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയെങ്കിലും, ഐപിഎൽ ടീമുകളിൽ കേരള താരങ്ങളുടെ സാന്നിധ്യം ഇപ്പോഴും കുറവാണ്. ഈ കുറവ് നികത്താനും കൂടുതൽ അവസരങ്ങൾ യുവതാരങ്ങൾക്ക് നൽകാനും കെസിഎൽ പോലുള്ള ടൂർണമെന്റുകൾ സഹായിക്കും. കിരൺ മോറെയുടെ ഈ സന്ദർശനം കെസിഎല്ലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഐപിഎൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടുമാർ കേരളത്തിലേക്ക് ഒഴുകിയെത്താനും സാധ്യതയുണ്ട്.

 കളിക്കളത്തിൽ തീ പാറുന്ന പോരാട്ടങ്ങൾ നടക്കുമ്പോൾ, പുറത്ത് കളിക്കാരെ സ്വന്തമാക്കാനുള്ള വാശിയേറിയ മത്സരത്തിനും കൂടിയാണ് കെസിഎൽ രണ്ടാം സീസൺ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Advertisment
Advertisment