നാഗ്പൂർ : വിമൺസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് തോൽവി. ഉത്തർപ്രദേശുമായി നടന്ന മത്സരത്തിലാണ് കേരളം തോൽവി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായുള്ളു.
ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ കേരളത്തിന്റെ ബാറ്റിങ് നിരയ്ക്ക് സാധിക്കാതിരുന്നത് തിരിച്ചടിയായി. 27 റൺസെടുത്ത ഇസബെൽ മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്.
അനുഷ്ക 16ഉം നിയ നസ്നീൻ 14ഉം റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി മനീഷ ചൌധരി, ജാൻവി ബലിയാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 39ആം ഓവറിൽ ലക്ഷ്യത്തിലെത്തി. 33 റൺസുമായി പുറത്താകാതെ നിന്ന ഭൂമി സിങ്ങും 29 റൺസ് വീതമെടുത്ത ശുഭ് ചൗധരിയും രമ കുഷ്വാഹയുമാണ് ഉത്തർപ്രദേശിനെ ജയത്തിലേക്ക് നയിച്ചത്.
38.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഉത്തർപ്രദേശ് വിജയത്തിലെത്തി. കേരളത്തിന് വേണ്ടി ഇസബെല്ലും, ഇഷിതയും നിയ നസ്നീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.