നാഗ്പൂർ: വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ല.
വിദർഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ മൂന്നാം ദിനം കേരളം 342ന് ഓൾ ഔട്ട് ആവുകയായരുന്നു.
വിദർഭയ്ക്ക് 37 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് സ്വന്തമാക്കിയത്.
ക്യാപ്റ്റൻ സച്ചിൻ ബേബി സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരുന്നു.
പിന്നാലെ വിശ്വസ്ത താരം ജലജ് സക്‌സേനയും മടങ്ങിയതോടെ പ്രതീക്ഷ പൂർണമായി തീർന്നു. 18 റൺസ് ചേർക്കുന്നതിനിടെയാണ് കേരളത്തിനു അവസാന 4 വിക്കറ്റുകൾ നഷ്ടമായത്.
സച്ചിൻ ബേബി (98), ആദിത്യ സർവാതെ (79) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തിന് ആശ്വാസമായത്.
മൂന്ന് വിക്കറ്റ് വീതം നേടിയ ദർശൻ നാൽകണ്ഡെ, ഹർഷ് ദുബെ, പാർത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നിഷേധിച്ചത്.
ഇനി മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിൻബലത്തിൽ വിദർഭ ചാംപ്യൻമാരാകും.
കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കിൽ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.
3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോർ 170ൽ നിൽക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്.
ആദിത്യ സാർവതെ 79 റൺസുമായി മടങ്ങി. രണ്ടാം ദിനം മുതൽ മികവോടെ ബാറ്റ് വീശിയ താരം 10 ഫോറുകൾ സഹിതമാണ് അവിസ്മരണീയ ഇന്നിങ്സ് കളിച്ചത്.
പിന്നാലെ ക്രീസിലെത്തിയ സൽമാൻ നിസാർ മികച്ച രീതിയിൽ ബാറ്റ് വീശുന്നതിനിടെ പുറത്തായി. താരം 21 റൺസെടുത്തു. പിന്നീടു വന്ന മുഹമ്മദ് അസ്ഹറുദ്ദീൻ 22 റൺസുമായി മടങ്ങി.
പൊരുതി നിന്ന ജലജ് സക്‌സേന 28 റൺസുമായി മടങ്ങി. ഏദൻ ആപ്പിൾ ടോം 10 റൺസും കണ്ടെത്തി.