/sathyam/media/media_files/3Knpcr2O6phP2LuuXkxr.jpg)
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ച ഹര്‍ഷിത് റാണയെ പറ്റി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പറഞ്ഞ പരിഹാസത്തെ പരസ്യമായി വിമര്‍ശിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍.
കൃഷ്ണമാചാരി ശ്രീകാന്ത് അടക്കമുള്ള മുന്‍ താരങ്ങളാണ് റാണയെ ഇരു ടീമിലും ഉള്‍പ്പെടുത്തിയതിനെ ട്രോളിയത്. ഇതാണ് കോച്ചിനെ ചൊടിപ്പിച്ചത്.
'ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. ഇന്ത്യയ്ക്കായി കളിച്ചു തുടങ്ങുന്ന യുവ താരങ്ങളെ ട്രോളിയല്ല നിങ്ങള്‍ യുട്യൂബ് ചാനലിന് ആളെ കൂട്ടേണ്ടത്.
ഒരാളെ പോലും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്തത് അന്യായമാണ്. ഹര്‍ഷിതിന്റെ അച്ഛന്‍ മുന്‍ ചെയര്‍മാനോ, മുന്‍ ക്രിക്കറ്റ് താരമോ, ഒരു എന്‍ആര്‍ഐയോ ഒന്നുമല്ല.
അദ്ദേഹം കഴിയുന്നത്ര കളിച്ചിട്ടുണ്ട്. അതു തുടരും. നിങ്ങള്‍ക്ക് അയാളുടെ പ്രകടനത്തെ വിമര്‍ശിക്കാം. അല്ലാതെ കേവലം 23 വയസ് മാത്രമുള്ള താരത്തെ ലക്ഷ്യമിട്ട് ഇമ്മാതിരി കമന്റുകള്‍ പറയരുത്.'
'യുവ താരങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് ആ താരത്തിന്റെ മാനസികാവസ്ഥയേയും ആത്മവിശ്വാസത്തേയും തകര്‍ക്കും. നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ വായുവില്‍ എറിഞ്ഞു പോകും.
സമൂഹ മാധ്യമങ്ങള്‍ അത് ഇരട്ടിയാക്കി പറഞ്ഞ് അതിനു വലിയ പ്രചാരണം നല്‍കും. ഇന്ന് ഹര്‍ഷിതാണ്. നാളെ അതു മറ്റൊരു താരമാകും. എന്നെ വിമര്‍ശിച്ചോളു.
അതു ഞാന്‍ കൈകാര്യം ചെയ്യും. യുവ താരങ്ങളെ ഇങ്ങനെ ലക്ഷ്യം വയ്ക്കരുത്. ഹര്‍ഷിതിനെ കുറിച്ച് മാത്രമല്ല ഇത്. എല്ലാ യുവ താരങ്ങളെക്കുറിച്ചുമാണ്. അവരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം.'
'താരങ്ങളുടെ പ്രകടനത്തെ ഏതുവിധേന വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപക്ഷേ വ്യക്തിപരമോ അജണ്ട വച്ചുള്ളതോ ആകരുത്. നിങ്ങള്‍ക്കു എന്നെ ലക്ഷ്യമിടാം. അല്ലാതെ യുവ താരങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്'- ഗംഭീർ തുറന്നടിച്ചു.
റാണ ഗംഭീറിന്റെ പ്രിയപ്പെട്ടവനാണെന്നും അതുകൊണ്ടാണ് പ്രകടനങ്ങളൊന്നും കാര്യമായി ഇല്ലാഞ്ഞിട്ടും ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതും എന്നായിരുന്നു ശ്രീകാന്ത് തന്റെ യുട്യൂബ് ഷോയ്ക്കിടെ പറഞ്ഞത്.
ഇത് വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് ഗംഭീര്‍ ഇക്കാര്യത്തില്‍ ശ്രീകാന്തടക്കമുള്ളവര്‍ക്കെതിരെ പറഞ്ഞത്.
ശ്രീകാന്തിനു പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയത് തന്റെ യുട്യൂബ് ചാനലിലൂടെ ചോദ്യം ചെയ്തിരുന്നു. എന്തടിസ്ഥാനത്തിലാണ് റാണ ഉള്‍പ്പെട്ടത് എന്നു തനിക്കറിയില്ലെന്നായിരുന്നു അശ്വിന്റെ കമന്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us