രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ, നിധീഷിന് അഞ്ച് വിക്കറ്റ്, ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ

New Update
NITHEESH CRIKET
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ ദിവസം ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ജമ്മു കശ്മീർ എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയുടെ ബൌളിങ് മികവാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്.

ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. മുൻ നിര ബാറ്റർമാരെ ചെറിയ സ്കോറിന് പുറത്താക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നല്കി. ഈ സീസണിൽ കശ്മീരിന് വേണ്ടി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വച്ച ശുഭം ഖജൂരിയ ആണ് ആദ്യം മടങ്ങിയത്.
Advertisment
നിധീഷിൻ്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് 14 റൺസെടുത്ത ശുഭം ഖജൂരിയ പുറത്തായത്. 24 റൺസെടുത്ത യാവർ ഹസനെയും എട്ട് റൺസെടുത്ത വിവ്രാന്ത് ശർമ്മയെയും നിധീഷ് തന്നെ മടക്കി. 14 റൺസെടുത്ത ക്യാപ്റ്റൻ പരസ് ദോഗ്രയെ ബേസിൽ തമ്പിയും പുറത്താക്കിയതോടെ നാല് വിക്കറ്റിന് 67 റൺസെന്ന നിലയിലായിരുന്നു കശ്മീർ.

തുടർന്നെത്തിയ കനയ്യ വധാവൻ, സാഹിൽ ലോത്ര, ലോൺ നാസിർ മുസാഫർ എന്നിവരുടെ ഇന്നിങ്സുകളാണ് കശ്മീരിന് തുണയായത്. കനയ്യ വധാവനും സാഹിൽ ലോത്രയും ചേർന്ന കൂട്ടുകെട്ടിൽ 55 റൺസ് പിറന്നപ്പോൾ, സാഹിൽ ലോത്രയും ലോൺ നാസിർ മുസാഫിറും ചേർന്ന് 51 റൺസും കൂട്ടിച്ചേർത്തു.
 കനയ്യയെയും ലോൺ നാസിറിനെയും പുറത്താക്കി നിധീഷാണ് കളി വീണ്ടും കേരളത്തിന് അനുകൂലമാക്കിയത്. കനയ്യ 48ഉം ലോൺ നാസിർ 44ഉം, സാഹിൽ ലോത്ര 35ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി ബേസിൽ എൻ പിയും ആദിത്യ സർവാടെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കളി നിർത്തുമ്പോൾ യുധ്വീർ സിങ്ങ് 17 റൺസോടെയും ആക്വിബ് നബി അഞ്ച് റൺസോടെയും ക്രീസിലുണ്ട്
Advertisment