New Update
/sathyam/media/media_files/2025/11/28/chapions-afgy-2025-11-28-19-30-32.jpg)
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച 'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8' ല്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്‍റെ പുരുഷ, വനിതാ ടീമുകള്‍ ജേതാക്കളായി. ആഗോള ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണിത്.
ടെക്നോപാര്‍ക്കില്‍ നടന്ന പ്രതിധ്വനി സെവന്‍സ് ഫൈനലില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്‍റെ പുരുഷ ടീം എന്‍വെസ്റ്റ്നെറ്റ് ടീമിനെ പരാജയപ്പെടുത്തി. ഫൈവ്സ് വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനലിന്‍റെ അഞ്ചാം സീസണില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്‍റെ വനിതാ ടീം വേ ഡോട്ട് കോമിനെയാണ് പരാജയപ്പെടുത്തിയത്.
യൂഡി പ്രൊമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8' സെവന്‍സ് ഫോര്‍മാറ്റിലുള്ള ഒരു ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ്.
പ്രതിധ്വനി സെവന്‍സ് ഫൈനലില്‍ ട്രെന്‍സറിനെ പരാജയപ്പെടുത്തി ഇന്‍ഫോസിസ് മൂന്നാം സ്ഥാനവും പ്രതിധ്വനി ഫൈവ്സ് ഫൈനലില്‍ ഇന്‍ ആപ്പിനെ പരാജയപ്പെടുത്തി യുഎസ്ടി ഗ്ലോബല്‍ മൂന്നാം സ്ഥാനവും നേടി.
ഫൈവ്സ് ഫൈനലില്‍ ഇന്‍ആപ്പ് ഫെയര്‍ പ്ലേ അവാര്‍ഡ് നേടിയപ്പോള്‍ സെവന്‍സ് ടൂര്‍ണമെന്‍റില്‍ ട്രെന്‍സറിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചു.
പ്രതിധ്വനി ഫൈവ്സ് ഫൈനലില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെ വൃന്ദ വിനീതിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. പ്രതിധ്വനി സെവന്‍സില്‍ റോഷന്‍ റോബിന്‍സണ്‍ (എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്) പ്ലെയര്‍ ഓഫ് ദി മാച്ചായി.
പ്രതിധ്വനി ഫൈവ്സില്‍ ലളിത ലാമയെയും (വേ ഡോട്ട് കോം) പ്രതിധ്വനി സെവന്‍സില്‍ നെവിന്‍ ചാള്‍സിനെയും (എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്) പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റായി പ്രഖ്യാപിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍കീപ്പര്‍മാരായി സായ് ലക്ഷ്മി എസ് (യുഎസ്ടി), റോബി ഫെര്‍ണാണ്ടസ് (എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതിധ്വനി സെവന്‍സിന്‍റെ ആദ്യ ഘട്ടത്തില്‍ ജോഫിന്‍ ജോസ് (എന്‍വെസ്റ്റ്നെറ്റ്) ടോപ്പ് സ്കോറര്‍ ആയി. ചാമ്പ്യന്‍സ് റൗണ്ടില്‍ റിഥിക് കൃഷ്ണ കെ (ഇന്‍ഫോസിസ്) ആണ് ടോപ്പ് സ്കോറര്‍. പ്രതിധ്വനി ഫൈവ്സിലെ ടോപ്പ് സ്കോറര്‍ ഗായത്രി ആര്‍ (വേ ഡോട്ട് കോം) ആണ്.
സെവന്‍സ് ഫുട്ബോള്‍ താരം ആഷിക് ഉസ്മാന്‍, കബഡി ഏഷ്യന്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് റോസ്മേരി പ്രിസില്ല എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഇതിഹാസ താരങ്ങളായ ഐഎം വിജയന്‍, ആസിഫ് സഹീര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള സെലിബ്രിറ്റി മത്സരവും നടന്നിരുന്നു.
ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു. ഇതിനുപുറമേ വിജയികള്‍ക്ക് കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടല്‍സും യൂഡി പ്രൊമോഷന്‍സും നല്‍കുന്ന സമ്മാനങ്ങളും ലഭിക്കും. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന്‍, കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.
90-ലധികം കമ്പനികളില്‍ നിന്നുള്ള 2,500-ലധികം ഐടി ജീവനക്കാരും 101 ടീമുകളും പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ 167 മത്സരങ്ങളുണ്ട്. വനിതകള്‍ക്കുള്ള ഫൈവ്സ് ടൂര്‍ണമെന്‍റിന്‍റെ അഞ്ചാം സീസണില്‍ 14 കമ്പനികളിലെ 250 ലധികം കളിക്കാരുള്ള ഏകദേശം 14 ടീമുകള്‍ ഇതില്‍ പങ്കെടുത്തു. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് യൂഡിയും സഞ്ചി ബാഗ്സും നല്കുന്ന 'പ്ലെയര്‍ ഓഫ് ദി മാച്ച്' ട്രോഫി നല്കി. കാണികള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us