പുനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 15 റൺസ് വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1 ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 182 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 19.4 ഓവറിൽ 166 റൺസിൽ അവസാനിച്ചു.
മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും പതിവുപോലെ ഇന്നും നിരാശപ്പെടുത്തി. സഞ്ജു ഒരു റൺസെടുത്തും സൂര്യകുമാർ പൂജ്യനായും കൂടാരം കയറി.
തിലക് വർമ്മയ്ക്കും റൺസ്സൊന്നും എടുക്കാനില്ല. അഭിഷേക് ശർമ 19 പന്തിൽ 29 റൺസും റിങ്കു സിംങ് 26 പന്തിൽ 30 റൺസെടുത്തും പുറത്തായി.
മുൻനിര ബാറ്റർമാർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹർദിക്ക് പാണ്ഡ്യ-ശിവം ദുബെ കൂട്ടുകെട്ടാണ്.
ഇരുവരും ചേർന്ന് 87 റൺസിന്റെ നിർണായകമായ കൂട്ടുകെട്ടുണ്ടാക്കി. ദുബെ 34 പന്തിൽ 53 റൺസും ഹർദിക്ക് 30 പന്തിൽ 53 റൺസുമെടുത്തു. ദുബെയാണ് കളിയിലെ താരവും.
ഒന്നാം വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിനെ കൃത്യതയാർന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു.
26 പന്തിൽ 51 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഹര്‍ഷിത് റാണയുടെയും രവി ബിഷ്‌ണോയിയുടെയും അവിശ്വസനീയമായ ബൗളിംഗ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.
പരിക്കേറ്റ ദുബെയുടെ കൺകഷൻ സബ്ബായാണ് ഹർഷിത് റാണ കളത്തിലിറങ്ങിയത്. വരുൺ ചക്രവർത്തി രണ്ടും അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.