രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിൽ

New Update
renji trophy
ചണ്ഡീഗഢ് : രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ്. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ ഹർണൂർ സിങ്ങിൻ്റെ പ്രകടനമാണ് പഞ്ചാബിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
Advertisment
കഴിഞ്ഞ മല്സത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്. സഞ്ജു സാംസനും ഏദൻ ആപ്പിൾ ടോമിനും പകരം വത്സൽ ഗോവിന്ദിനെയും അഹ്മദ് ഇമ്രാനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  

ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎൽ താരം പ്രഭ്സിമ്രാൻ സിങ്ങും യുവതാരം ഹർനൂർ സിങ്ങും ചേർന്നായിരുന്നു പഞ്ചാബിന് വേണ്ടി ഇന്നിങ്സ് തുറന്നത്. പ്രഭ്സിമ്രാൻ്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 23 റൺസെടുത്ത പ്രഭ്സിമ്രാനെ ബാബ അപരാജിത് ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഉദയ് സഹാരനും ഹർനൂറും ചേർന്ന് അതീവശ്രദ്ധയോടെയാണ് ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റിന് 107 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.

സ്കോർ 138ൽ നില്ക്കെ ഉദയ് സഹാരനെ പുറത്താക്കി അങ്കിത് ശർമ്മ കൂട്ടുകെട്ടിന് അവസാനമിട്ടു. 37 റൺസെടുത്ത ഉദയ് ക്ലീൻ ബൌൾഡാവുകയായിരുന്നു. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപ് ഒരോവറിൽ ഇരട്ടപ്രഹരമേല്പിച്ച് എൻ പി ബേസിൽ പഞ്ചാബിനെ സമ്മർദ്ദത്തിലാക്കി.അൻമോൽപ്രീത് സിങ്ങും ക്യാപ്റ്റൻ നമൻ ധീറും ഓരോ റൺ വീതമെടുത്ത് മടങ്ങി.
ഇരുവരും ബേസിലിൻ്റെ പന്തിൽ അസറുദ്ദീൻ ക്യാ ച്ചെടുത്താണ്  പുറത്തായത്. ആറ് റൺസെടുത്ത രമൺദീപ് സിങ്ങിനെ അങ്കിത് ശർമ്മയും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 162 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.

എന്നാൽ ഹർനൂർ സിങ്ങും സലിൽ അറോറയും ചേർന്ന് ആറാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്തു. കളിയവസാനിക്കുന്നതിന് തൊട്ടു മുൻപാണ് 36 റൺസെടുത്ത സലിൽ അറോറയെ ബാബ അപരാജിത് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്.
 കളി നിർത്തുമ്പോൾ ഹർനൂർ സിങ് 126 റൺസോടെയും കൃഷ് ഭഗത് രണ്ട് റൺസോടെയും ക്രീസിലുണ്ട്. രഞ്ജി ട്രോഫിയിൽ ഹർനൂറിൻ്റെ ആദ്യ സെഞ്ച്വറിയാണിത്. 11 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഹർനൂറിൻ്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി എൻ പി ബേസിലും അങ്കിത് ശർമ്മയും ബാബ അപരാജിത്തും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Advertisment