സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

New Update
kca
ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. പഞ്ചാബിന് ഇപ്പോൾ 124 റൺസിൻ്റെ ലീഡുണ്ട്. ഓപ്പണർമാരായ ജസ്കരൺവീർ സിങ് പോളിൻ്റെയും യുവിയുടെയും തകർപ്പൻ സെഞ്ച്വറികളാണ് പഞ്ചാബിനെ ശക്തമായ നിലയിൽ എത്തിച്ചത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 202 റൺസിന് അവസാനിച്ചിരുന്നു.

ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അവസാന സെഷൻ വരെ ബാറ്റ് ചെയ്ത പഞ്ചാബിന് കളി അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അത് വരെ പഞ്ചാബ് ബാറ്റർമാരുടെ സമഗ്ര ആധിപത്യമായിരുന്നു ഗ്രൌണ്ടിൽ കണ്ടത്. കരുതലോടെയായിരുന്നു ഓപ്പണർമാരായ  ജസ്കരൺവീർ സിങ്ങും യുവിയും ബാറ്റ് വീശിയത്. ഒരേ താളത്തിൽ ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് കേരള ബൌളർമാരെ അനായാസം നേരിട്ടു. കേരള ക്യാപ്റ്റൻ അഭിജിത് പ്രവീൺ ഏഴ് ബൌളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 318 റൺസാണ് ഇരുവരും ചേർന്നാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ഒടുവിൽ യുവിയെ പുറത്താക്കി വിജയ് വിശ്വനാഥാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 ബൌണ്ടറികളും രണ്ട് സിക്സുമടക്കം 144 റൺസാണ് യുവി നേടിയത്. കളി നിർത്തുമ്പോൾ 148 റൺസോടെ ജസ്കരൺവീർ സിങ്ങും ആറ് റൺസോടെ ഹർജാസ് സിങ് ഠണ്ഡനുമാണ് ക്രീസിൽ. 22 ബൌണ്ടറികളടങ്ങുന്നതായിരുന്നു ജസ്കരൺവീർ സിങ്ങിൻ്റെ ഇന്നിങ്സ്.
Advertisment
Advertisment