കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബിന് മികച്ച ലീഡ്, കേരളം പൊരുതുന്നു

New Update
kca

വയനാട്: കൂച്ച് ബെഹാർ ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 251 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ചയെ നേരിടുകയാണ്. മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 81 റൺസെന്ന നിലയിലാണ് കേരളം. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ആറ് വിക്കറ്റുകൾ ശേഷിക്കെ കേരളത്തിന് 170 റൺസ് കൂടി വേണം. നേരത്തെ ഒൻപത് വിക്കറ്റിന് 506 റൺസെന്ന നിലയിൽ പഞ്ചാബ് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

ഇരട്ട സെഞ്ച്വറി നേടിയ അർജുൻ രാജ്പുതിൻ്റെ ഇന്നിങ്സായിരുന്നു മൂന്നാം ദിവസത്തെ  ശ്രദ്ധേയമാക്കിയത്. അഞ്ച് വിക്കറ്റിന് 273 റൺസെന്ന നിലയിൽ കളി തുടങ്ങിയ പഞ്ചാബ് അതിവേഗത്തിലാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. എട്ട് റൺസെടുത്ത ശിവെൻ സേത്ത് തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും നൂർവീർ സിങ് അർജുൻ രാജ്പുതിന് മികച്ച പിന്തുണ നല്കി. ഗ്രൌണ്ടിൻ്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച അർജുൻ്റെ മികവിൽ പഞ്ചാബിൻ്റെ സ്കോർ 300ഉം 400ഉം കടന്ന് അതിവേഗം മുന്നേറി.

Advertisment

47  റൺസെടുത്ത  നൂർവീർ സിങ്ങിനെ തോമസ് മാത്യു പുറത്താക്കിയെങ്കിലും മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി അർജുൻ ബാറ്റിങ് തുടർന്നു. ഒടുവിൽ അർജുൻ ഡബിൾ സെഞ്ച്വറി തികച്ചതോടെ പഞ്ചാബ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 240 പന്തുകളിൽ 24 ഫോറും രണ്ട് സിക്സുമടക്കമാണ് അർജുൻ പുറത്താകാതെ 200 റൺസ് നേടിയത്. കേരളത്തിന് വേണ്ടി തോമസ് മാത്യുവും അമയ് മനോജും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 12 റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രോഹിത് കെ ആർ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ സംഗീത് സാഗർ ഒന്നും ജോബിൻ ജോബി എട്ടും റൺസെടുത്ത് പുറത്തായി. മാനവ് കൃഷ്ണയും ഹൃഷികേശും ചേർന്ന 41 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. എന്നാൽ 15 റൺസെടുത്ത മാനവിനെ സക്ഷേയ പുറത്താക്കി. കളി നിർത്തുമ്പോൾ 36 റൺസോടെ ഹൃഷികേശും 18 റൺസോടെ അമയ് മനോജുമാണ് ക്രീസിൽ.

Advertisment