Advertisment

ഐതിഹാസിക കരിയറിന് വിരാമമിട്ട് റാഫേല്‍ നദാല്‍; ഇതിഹാസതാരം ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് 38-ാം വയസില്‍; ഡേവിസ് കപ്പ് അവസാന ടൂര്‍ണമെന്റ്‌

ടെന്നീസില്‍ നിന്ന് വിരമിക്കുന്നുവെന്ന് ഇതിഹാസ താരം റാഫേല്‍ നദാല്‍

New Update
rafael nadal

ടെന്നീസില്‍ നിന്ന് വിരമിക്കുന്നുവെന്ന് ഇതിഹാസ താരം റാഫേല്‍ നദാല്‍. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ കരിയറിന് 38-ാം വയസിലാണ് താരം വിരാമം കുറിച്ചത്. തൻ്റെ കരിയറിൽ ഉടനീളം നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്പാനിഷ് ഇതിഹാസം സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ വീഡിയോ പുറത്തുവിട്ടു.

Advertisment

ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ എന്ന റെക്കോഡ് നേട്ടം നദാലിന്റെ പേരിലാണ്. നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ ആയിരിക്കും നദാലിൻ്റെ അവസാന ടൂർണമെൻ്റ്. നവംബർ 19 നും 21 നും ഇടയില്‍ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്പെയിൻ നെതർലാൻഡിനെ നേരിടും.

“ഞാൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ തികച്ചും ബുദ്ധിമുട്ടേറിയതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍. പരിമിതികളില്ലാതെ കളിക്കാൻ കഴിഞ്ഞതായി ഞാൻ കരുതുന്നില്ല. ഇത് വ്യക്തമായും ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്. തീരുമാനമെടുക്കാന്‍ കുറച്ച് സമയമെടുത്തു," നദാൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

“എന്നാൽ ഈ ജീവിതത്തിൽ, എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്, എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വളരെ നീണ്ടതും കൂടുതൽ വിജയകരവുമായ ഒരു കരിയർ അവസാനിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്ന് ഞാൻ കരുതുന്നു. എന്നാൽ എൻ്റെ അവസാന ടൂർണമെൻ്റ് ഡേവിസ് കപ്പിൻ്റെ ഫൈനൽ ആകുമെന്നതും എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതും എന്നെ ആവേശഭരിതനാക്കുന്നു. എല്ലാവരോടും ഒരായിരം നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. ഉടൻ തന്നെ കാണാം''-നദാലിന്റെ വാക്കുകള്‍.

 

Advertisment