ചാമ്പ്യന്മാർക്കെതിരെ സിക്സർ മഴ: കൃഷ്ണ ദേവൻ കാലിക്കറ്റിന്റെ സിക്സർ ദേവൻ

New Update
krishna devan
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ യുവതാരം കൃഷ്ണ ദേവൻ.  നിലവിലെ ചാമ്പ്യന്മാരായ കൊല്ലം ഏരീസിനെതിരെ അവസാന അഞ്ച് പന്തിലും സിക്സർ പറത്തിയാണ് കൃഷ്ണദേവന്റെ തട്ടുപൊളിപ്പൻ പ്രകടനം. വെറും 11 പന്തുകൾ മാത്രം നേരിട്ട കൃഷ്ണ ദേവൻ 7 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 49 റൺസാണ് അതിവേഗം അടിച്ചുകൂട്ടിയത്. 17-ാം ഓവറിലെ 4-ാം പന്തിൽ ടീം സ്കോർ 150 ലെത്തിയ ഉടൻ അൻഫൽ പുറത്തായപ്പോഴാണ് യുവതാരം കൃഷ്ണ ദേവൻ ക്രീസിലെത്തിയത്. എൻ.എസ്. അജയഘോഷ് എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിൽ എം.എസ് ധോണിയുടെ വിഖ്യാതമായ ഹെലികോപ്റ്റർ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയിലൂടെയാണ് കൃഷ്ണ ദേവൻ ആദ്യ സിക്സർ ഗ്യാലറിയിലെത്തിച്ചത്. ഈ ഓവറിൽ ഒരു സിക്സറും ഒരു ഫോറും ഉൾപ്പെടെ കൃഷ്ണ ദേവൻ നേടിയ 18 റൺസ് കാണാനിരിക്കുന്ന പൂരത്തിന്റെ ട്രെയ്ലറായിരുന്നു.

ഷറഫുദ്ദീൻ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ അഖിൽ സ്കറിയ സിംഗിൾ നേടി കൃഷ്ണ ദേവന് സ്ട്രൈക്ക് കൈമാറി. പിന്നെ ഗ്രീൻ ഫീൽഡ് കണ്ടത് കൃഷ്ണ ദേവന്റെ കട്ടക്കലിപ്പായിരുന്നു. ഷറഫുദ്ദീൻ എറിഞ്ഞ അവസാന അഞ്ച് പന്തുകളും കൃഷ്ണ ദേവൻ നിലം തൊടാതെ സിക്സറുകളാക്കി മാറ്റിയ , അത്യപൂർവ്വ കാഴ്ച കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.പൊടുന്നനെ ക്രീസിലെത്തി അങ്കക്കലി പൂണ്ട കൃഷ്ണ ദേവന്റെ മാസ്മരിക ബാറ്റിംഗ് മത്സരത്തിന്റെ ഗതി കോഴിക്കോടിന് അനുകൂലമാക്കി.

സൽമാൻ നിസാറിന്റെ കട്ടക്കലിപ്പ് ഇന്നിങ്‌സിന് ശേഷം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് കൃഷ്ണ ദേവന്റെ കലി പൂണ്ട ഇന്നിംഗ്സും.
Advertisment
Advertisment