രഞ്ജി ട്രോഫി : കേരളം ആറ് വിക്കറ്റിന് 247 റൺസെന്ന നിലയിൽ

New Update
RENJI TROPHY

ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിത്തും അഹ്മദ് ഇമ്രാനുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്. 

Advertisment

ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 106 പന്തുകളിൽ നിന്ന് 18 റൺസുമായാണ് വത്സൽ മടങ്ങിയത്. തുടർന്നെത്തിയ രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ കേരളത്തിൻ്റെ ഇത് വരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു. അങ്കിതിനെ പുറത്താക്കി രമൺദീപ് സിങ്ങാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. വളരെ കരുതലോടെ ബാറ്റ് വീശിയ അങ്കിത് ശർമ്മ 152 പന്തുകൾ നേരിട്ട് 62 റൺസുമായാണ് മടങ്ങിയത്. 

ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപെ കേരളത്തിന് രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റും നഷ്മമായി. 43 റൺസെടുത്ത രോഹൻ, മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ സലിൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും അധികം പിടിച്ചു നില്ക്കാനായില്ല. 13 റൺസെടുത്ത അസറുദ്ദീൻ ക്രിഷ് ഭഗതിൻ്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങിയാണ് പുറത്തായത്. 36 റൺസെടുത്ത സച്ചിൻ ബേബിയെ നമൻ ധീറും പുറത്താക്കി.

തുടർന്നെത്തിയ ബാബ അപരാജിത്തും അഹ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലാണ് കേരളത്തിൻ്റെ ഇനിയുള്ള പ്രതീക്ഷ. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളിനിർത്തുമ്പോൾ ബാബ അപരാജിത്ത് 39ഉം അഹ്മദ് ഇമ്രാൻ 19ഉം റൺസ് നേടി ക്രീസിലുണ്ട്. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത്, നമൻ ധീർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment