/sathyam/media/media_files/b98r1V0xE49DvWqBYuJh.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ 194 റണ്‍സിനാണ് പഞ്ചാബ് പുറത്തായത്. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സര്‍വതേയും, ജലജ് സക്‌സേനയുമാണ് ആദ്യ ഇന്നിംഗ്‌സില്‍ പഞ്ചാബിനെ നിഷ്പ്രഭമാക്കിയത്.
എന്നാല്‍ മയങ്ക് മാര്‍ഖണ്ഡെയിലൂടെ പഞ്ചാബ് തിരിച്ചടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 179ന് പുറത്തായി. മാര്‍ഖണ്ഡെ വീഴ്ത്തിയത് ആറു വിക്കറ്റുകള്‍.
രണ്ടാം ഇന്നിംഗ്‌സിലും പഞ്ചാബ് കൂട്ടത്തകര്‍ച്ച നേരിട്ടു. നേടാനായത് 142 റണ്‍സ് മാത്രം. ഇത്തവണയും തിളങ്ങിയത് സര്‍വതേ. രണ്ടാം ഇന്നിംഗ്‌സില്‍ താരം വീഴ്ത്തിയത് നാലു വിക്കറ്റുകള്‍. ബാബ അപരാജിതും നാലു വിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സിലെ അനുഭവം രണ്ടാം ഇന്നിംഗ്‌സില്‍ കരുതലോടെ ബാറ്റ് ചെയ്യാന്‍ കേരളത്തെ പ്രേരിപ്പിച്ചു. വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി കേരളം വിജയലക്ഷ്യം മറികടന്നു. 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, 48 റണ്‍സുമായി രോഹന്‍ കുന്നുമ്മലും മികച്ച പ്രകടനം കാഴ്ചവച്ചു. 39 റണ്‍സുമായി ബാബ അപരാജിതും, ഏഴ് റണ്‍സുമായി സല്‍മാന്‍ നിസാറുമായിരുന്നു അവസാനം ക്രീസിലുണ്ടായിരുന്നത്.