തിരിച്ചുവരവില്‍ തിളങ്ങാനാകാതെ ശ്രേയസ് അയ്യര്‍; മലയാളി താരത്തിന് വിക്കറ്റ് സമ്മാനിച്ച് മടക്കം ! തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുംബൈയ്ക്ക് കരുത്ത് പകര്‍ന്ന് ഷാര്‍ദ്ദുല്‍ താക്കൂര്‍

നടുവേദനയാണെന്നും പറഞ്ഞ് രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ ശ്രേയസ് വിട്ടുനിന്നിരുന്നു. എന്നാല്‍ താരത്തിന് പരിക്കില്ലെന്ന് എന്‍സിഎ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായി

New Update
Shardul Thakur

മുംബൈ: രഞ്ജി ട്രോഫിയില്‍ നിരാശജനകമായ പ്രകടനം പുറത്തെടുത്ത് ശ്രേയസ് അയ്യര്‍. രഞ്ജി ട്രോഫിയില്‍ സെമി ഫൈനല്‍ പോരാട്ടത്തില്‍ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ മുംബൈയ്ക്കു വേണ്ടി താരത്തിന് എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. തമിഴ്‌നാടിന്റെ മലയാളി താരമായ സന്ദീപ് വാര്യര്‍ ശ്രേയസിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

Advertisment

നടുവേദനയാണെന്നും പറഞ്ഞ് രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ ശ്രേയസ് വിട്ടുനിന്നിരുന്നു. എന്നാല്‍ താരത്തിന് പരിക്കില്ലെന്ന് എന്‍സിഎ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായി. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്ത താരങ്ങള്‍ക്കെതിരെ ബിസിസിഐ കര്‍ശന നടപടികളിലേക്ക് കടന്നതോടെയാണ് താരം രഞ്ജി ട്രോഫിയിലേക്ക് തിരികെയെത്തിയത്. ശ്രേയസിനെ വാര്‍ഷിക കരാറില്‍ നിന്നും ബിസിസിഐ നീക്കിയിരുന്നു.

അതേസമയം, തമിഴ്‌നാടിനെതിരായ മത്സരത്തില്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മുംബൈയ്ക്ക് 207 റണ്‍സിന്റെ ലീഡുണ്ട്. നിലവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സ് മുംബൈ നേടി. 105 പന്തില്‍ 109 റണ്‍സെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറാണ് ടോപ് സ്‌കോറര്‍.

പ്രമുഖ താരങ്ങളായ പൃഥി ഷാ (5), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (19) എന്നിവര്‍ നിരാശപ്പെടുത്തി. പത്താമനായി ബാറ്റിംഗിനിറങ്ങിയ തനുഷ് കൊയ്ത്താന്‍ 74 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ തമിഴ്‌നാട് 146 റണ്‍സിന് പുറത്തായിരുന്നു.

Advertisment